ഗുരുവായൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ചൊവ്വാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തിങ്കളാഴ്ച രാത്രി ഗുരുവായൂരിലെത്തിയപ്പോള്‍ ഏറെ വൈകിയതിനാല്‍ ചൊവ്വാഴ്ച രാവിലെയാണ് ക്ഷേത്രത്തിലെത്തിയത്. ശീവേലി കഴിഞ്ഞതിനു ശേഷമായിരുന്നു ദര്‍ശനം.

സോപാനത്ത് കാണിക്കയും ഉരുളിയില്‍ നെയ്യും സമര്‍പ്പിച്ച് തൊഴുതു. മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിയില്‍നിന്ന് പ്രസാദം ഏററുവാങ്ങി. ദര്‍ശന ശേഷം ശര്‍ക്കര കൊണ്ട് തുലാഭാരം വഴിപാടും നടത്തി. 82 കിലോ ശര്‍ക്കര വേണ്ടിവന്നു. 2055 രൂപയായി. 2018 ഫെബ്രുവരി 24ന് ജയലളിതയുടെ ജന്മദിനത്തില്‍ അന്നദാനം നടത്താന്‍ 25000 രൂപ ദേവസ്വത്തില്‍ അടച്ചു. ദേവസ്വം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണി, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍, ക്ഷേത്രം മാനേജര്‍ പി. പ്രകാശ് എന്നിവര്‍ ദര്‍ശന സൗകര്യമൊരുക്കി. ഗുരുവായൂരപ്പന്റെ ഫോട്ടോ അഡ്മിനിസ്‌ട്രേറ്റര്‍ സമ്മാനിച്ചു. മമ്മിയൂര്‍ മഹാദേവക്ഷേത്രത്തിലും ദര്‍ശനം നടത്തിയശേഷമാണ് മടങ്ങിയത്.