ഗുരുവായൂര്‍: തൈക്കാട്ട് ആരംഭിച്ച മദ്യവില്പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി നടത്തിയ ഹര്‍ത്താല്‍ സംഘര്‍ഷാവസ്ഥയിലെത്തി. സി.പി.എം. ഭരിക്കുന്ന ചൊവ്വല്ലൂര്‍പ്പടിയിലെ തൈക്കാട് സര്‍വീസ് സഹകരണബാങ്ക് അടപ്പിക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിലെത്തിയത്.

ബാങ്കിനുമുന്നില്‍ കൊടിനാട്ടി കുത്തിയിരിപ്പുസമരം നടത്തിയവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി. ഇതിനിടെ കെ.എസ്.യു. ജില്ലാ സെക്രട്ടറി ഗോകുലിന്റെ കൈ മുറിഞ്ഞു. ഗോകുലിനെ ചാവക്കാട് താലൂക്ക് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ബാങ്കിനുമുന്നില്‍ സമരം നടത്തിയ ആന്റോ തോമസ്, ജലീല്‍ പണിക്കവീട്ടില്‍, ബഷീര്‍ പൂക്കോട്, ടി.കെ. വിനോദ് കുമാര്‍, കണ്ണത്ത് രാജേന്ദ്രന്‍ തുടങ്ങി 15ഓളം പേരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി. നാരായണന്‍, എ.സി.പി. പി. വാഹിദ്, ഗുരുവായൂര്‍ സി.ഐ.മാരായ ഇ. ബാലകൃഷ്ണന്‍, സുനില്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ മുന്നൂറോളം പോലീസുകാര്‍ സ്ഥലത്തെത്തിയിരുന്നു.

മദ്യഷാപ്പിനെതിരേ ജനകീയ സമരസമിതിയുടെ അനിശ്ചിതകാല സമരത്തിന്റെ 17-ാമത്തെ ദിവസമായ വെള്ളിയാഴ്ച ഗുരുവായൂരില്‍ പ്രാദേശിക ഹര്‍ത്താലാണ് പ്രഖ്യാപിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ തൈക്കാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ഷട്ടര്‍ അടയ്ക്കാന്‍ സമരക്കാര്‍ ശ്രമിച്ചപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ബാങ്കിനുമുന്നില്‍ സമരക്കാര്‍ കുത്തിയിരിപ്പു നടത്തി പ്രതിഷേധിക്കുകയായിരുന്നു. അപ്പോഴേക്കും സമരസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ അണിനിരന്ന് റോഡ് ഉപരോധവും നടത്തി.

ഹര്‍ത്താല്‍ ക്ഷേത്രപരിസരത്തെ ബാധിച്ചില്ല. ക്ഷേത്രനടകളിലെ ഹോട്ടലുകളും കടകളും തുറന്നു. എന്നാല്‍ ഔട്ടര്‍ റിങ് റോഡുകളിലേയും പടിഞ്ഞാറേനട ജങ്ഷനിലേയും സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ക്ഷേത്രപരിസരത്ത് ഓട്ടോറിക്ഷകള്‍ ഓടി. തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്കുള്ള ബസുകള്‍ കൂനംമൂച്ചി, കണ്ടാണശ്ശേരി ഭാഗങ്ങളിലെത്തി സര്‍വ്വീസ് നിര്‍ത്തി. ചൊവ്വല്ലൂര്‍പ്പടിയില്‍ ചെറിയ വാഹനങ്ങള്‍പോലും തടഞ്ഞു. ഉച്ചയായപ്പോഴേയ്ക്കും വാഹനങ്ങള്‍ ഓടിത്തുടങ്ങി.

കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി., സി.എം.പി., ജനതാദള്‍!-യു, കേരള കോണ്‍ഗ്രസ്, എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.യു.സി.ഐ. തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് സമരം നടത്തുന്നത്.