ഗുരുവായൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ജൂനിയര്‍ അച്യുതന്‍ (33) ചരിഞ്ഞു. എരണ്ടക്കെട്ടിനെ തുടര്‍ന്ന് കുറച്ചുദിവസമായി ക്ഷീണിതനായിരുന്ന കൊമ്പന്‍ ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് തളര്‍ന്നുവീണു. അല്പം കഴിഞ്ഞ് ചരിഞ്ഞു.

ഒരാഴ്ചയായി ഭക്ഷണം കഴിക്കുന്നത് കുറഞ്ഞിരുന്നു. ക്ഷീണം കൂടിയപ്പോള്‍ ഗ്ലൂക്കോസും നല്‍കി. ഡോക്ടര്‍മാരുടെ പ്രത്യേക ജാഗ്രതയുണ്ടായിരുന്നു. പാപ്പാന്മാരായ കരിക്കയില്‍ മുരളി, ഉണ്ണികൃഷ്ണന്‍ എന്നിവരും ആനയ്ക്ക് കൂട്ടിനിരുന്ന് പരിപാലിച്ചിരുന്നു.

പൂരക്കാലമായാല്‍ തിരക്കുള്ള ആനയായിരുന്നു ജൂനിയര്‍ അച്യുതന്‍. തൃശ്ശൂര്‍ പൂരത്തിന് കഴിഞ്ഞവര്‍ഷം വരെ മുടങ്ങാതെ പങ്കെടുത്തു. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് പാലക്കാട് ജില്ലയിലെ പെരുമ്പിള്ളിശ്ശേരി മാങ്ങോട്ട് പൂരത്തിനായിരുന്നു ഏറ്റവും ഒടുവിലെ പുറം എഴുന്നള്ളിപ്പ്. അതിനുശേഷം 21ന് രാത്രി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിളക്കെഴുന്നള്ളിപ്പിനും പങ്കെടുത്തു.

2003 ഡിസംബര്‍ 26ന് പാലക്കാട് പന്നിയൂര്‍ എം.പി. അച്യുതന്‍ നായരാണ് ഈ കൊമ്പനെ നടയിരുത്തിയത്. ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയംഗം കെ. കുഞ്ഞുണ്ണിയും അഡ്മിനിസ്‌ട്രേറ്റര്‍ ശശിധരനും ആനയ്ക്ക് പുഷ്പചക്രമര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുപോയി. അച്യുതന്റെ മരണത്തോടെ ആനക്കോട്ടയിലെ ആനകളുടെ എണ്ണം 51 ആയി ചുരുങ്ങി.