തൃശ്ശൂര്‍: സംസ്ഥാന കലോത്സവത്തിലെ വ്യാജ അപ്പീല്‍ കേസിലെ ഒന്നാംപ്രതി സതികുമാര്‍ (46) കുന്നംകുളം കോടതിയില്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്‌നമില്ലെന്ന് കണ്ടെത്തി.

തൃശ്ശൂര്‍ ചിറ്റിലപ്പിള്ളിയില്‍ നടന്ന സി.ബി.എസ്.ഇ. സംസ്ഥാന കലോത്സവത്തില്‍ ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ കേസിലാണ് തിങ്കളാഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയത്. കണ്ണൂര്‍ ജയിലില്‍നിന്നാണ് ഇയാളെ തിങ്കളാഴ്ച കുന്നംകുളം കോടതിയില്‍ ഹാജരാക്കിയത്.

കസ്റ്റഡിയില്‍ വാങ്ങാനാണ് ക്രൈംബ്രാഞ്ച് പ്രതിയെ കൊണ്ടുവന്നത്. കേസ് വിളിച്ച ഉടന്‍തന്നെ ഇയാള്‍ പ്രതിക്കൂട്ടില്‍ കുഴഞ്ഞുവീണു. ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇ.സി.ജി. അടക്കമുള്ള പരിശോധനകള്‍ നടത്തി. രക്തസമ്മര്‍ദത്തിന് പതിവായി കഴിക്കുന്ന മരുന്ന് രണ്ടുദിവസമായി കഴിച്ചിട്ടില്ലെന്ന് ഇയാള്‍ ഡോക്ടറോട് പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് കണ്ടതിനെത്തുടര്‍ന്ന് ഒരുമണിക്കൂറിനുശേഷം വീണ്ടും കോടതിയിലെത്തിച്ചു.

പ്രതിയെ തന്റെ സാന്നിധ്യത്തില്‍ മൂന്നുമണിക്കൂര്‍ ചോദ്യംചെയ്യാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, വ്യാജ ഉത്തരവിന്റെ ഉറവിടത്തെപ്പറ്റി ഒന്നുമറിയില്ലെന്നു മാത്രം പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞുകൊണ്ടിരുന്നു. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ സതികുമാറിനെ ചൊവ്വാഴ്ച തൃശ്ശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ വീണ്ടും ഹാജരാക്കും. തൃശ്ശൂരില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ വ്യാജ ഉത്തരവ് ഉണ്ടാക്കിയ കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഇയാളുടെ റിമാന്‍ഡ് ചൊവ്വാഴ്ച തീരുകയാണ്. റിമാന്‍ഡ് നീട്ടണമെന്ന് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. 2016-ല്‍ കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ വ്യാജ ഉത്തരവുണ്ടാക്കിയതിനും അറസ്റ്റിലായ ഇയാളുടെ പേരില്‍ മൂന്ന് കേസുകളാണുള്ളത്.