വാടാനപ്പള്ളി: ചേറ്റുവ ചുള്ളിപ്പടിയിലുണ്ടായ അപകടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഓടിയെത്തിയത് സമീപവാസികളായ യുവാക്കള്‍. വാഹനങ്ങള്‍ കൂട്ടിയിടിക്കുന്ന ശബ്ദവും നിലവിളിയും കേട്ടാണ് യുവാക്കള്‍ ഓടി വന്നത്.

കാറിനുള്ളിലും ബസിലും പരിക്കേറ്റവര്‍. കാര്‍ വെട്ടിപ്പൊളിക്കാന്‍ കൈയില്‍ കിട്ടിയ ആയുധങ്ങളുമായി യുവാക്കള്‍ ശ്രമിച്ചു. ഇതിനിടെ ചേറ്റുവ എഫ്.എ.സി.യുടേയും വാടാനപ്പള്ളി ആക്ട്‌സിന്റേയും ആംബുലന്‍സുകളെത്തി പരിക്കേറ്റ ബസ് യാത്രക്കാരെ ആശുപത്രികളിലേയ്ക്ക് കൊണ്ടുപോയി.

അരമണിക്കൂറോളം പണിപ്പെട്ടാണ് കാര്‍ വെട്ടിപ്പൊളിച്ച് അതിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ തൃശ്ശൂരിലെ ആസ്​പത്രികളിലേയ്ക്ക് മാറ്റി. കാറിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും പോലീസ് നാട്ടുകാരുടെ മുന്നില്‍ വെച്ച് തിട്ടപ്പെടുത്തി കസ്റ്റഡിയിലെടുത്തു.

അപകടമുണ്ടായ ഉടനെ സമീപത്തെ ക്ലിനിക്കിലുണ്ടായിരുന്ന ഡോ. ജെന്നി കളത്തില്‍ അഗ്നിരക്ഷാ സേനയെ വിളിച്ചിരുന്നു. ഗുരുവായൂരില്‍ നിന്ന് സേനയെത്തിയത് രക്ഷാ പ്രവര്‍ത്തനം കഴിഞ്ഞാണ്.

നാട്ടിക അഗ്നിരക്ഷാ സേനയെ മൂന്ന് തവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും ആക്ഷേപമുണ്ട്. നാലാം തവണ വിളിച്ചപ്പോഴാണ് എടുത്തതെന്നും പറയുന്നു. എന്നാല്‍, ആദ്യ തവണ വിളിച്ചപ്പോള്‍ തന്നെ ഫോണ്‍ എടുത്തെന്നും സംസാരിക്കുന്നതിനിടയില്‍ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തതിനാല്‍ വരേണ്ടെന്ന് പറഞ്ഞതായും അഗ്നിരക്ഷാ നിലയം അധികൃതര്‍ പറയുന്നു.