ചേര്‍പ്പ്: പെരുമ്പിള്ളിശ്ശേരി മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിലെ തിരുവോണ ഊട്ട് ജനുവരി ഒന്നിന് ആഘോഷിക്കും. രാവിലെ മുതല്‍ വിശേഷാല്‍ പൂജകള്‍, മഹാഗണപതിഹോമം, കാല്‍കഴുകിച്ചൂട്ട്, അഖണ്ഡനാമജപം, ലക്ഷ്മീനാരായണപൂജ, 11.30ന് പ്രസാദഊട്ട്, വൈകീട്ട് വിവിധ ചടങ്ങുകള്‍ എന്നിവ നടക്കും. ജനുവരി ഒമ്പതിന് ദ്വാദശി ഊട്ട് നടക്കും.

ചേര്‍പ്പ് ക്ഷേത്രത്തില്‍
തിരുവോണപൂജ
ചേര്‍പ്പ്:
ചേര്‍പ്പ് ഭഗവതിക്ഷേത്രത്തിലെ തിരുവോണപൂജ ജനുവരി ഒന്നിന് ദീപാരാധനയ്ക്ക് ശേഷം നടക്കും.

ബ്രഹ്മസ്വം മഠം സ്വാമിയാര്‍ക്ക് സ്വീകരണം
പെരുമ്പിള്ളിശ്ശേരി:
ചങ്ങരയില്‍ ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ജനുവരി ഒന്നിന് രാവിലെ 8ന് ബ്രഹ്മസ്വം മഠം സ്വാമിയാരെ സ്വീകരിക്കും. അഷ്ടമംഗല്യത്തെ തുടര്‍ന്നുള്ള പരിഹാരകര്‍മങ്ങളുടെ ഭാഗമായാണ് പരിപാടി.
ഭുവനേശ്വരി ക്ഷേത്രത്തിന് മുന്‍പില്‍നിന്ന് ഘോഷയാത്രയുണ്ടാകും. ശ്രീനരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും.

ഭേദഗതി പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും
തൃശ്ശൂര്‍:
സംസ്ഥാന സര്‍ക്കാര്‍ കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ വരുത്തിയ പുതിയ ഭേദഗതികള്‍ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ വീണ്ടും പ്രശ്‌നസങ്കീര്‍ണമാക്കുമെന്ന് കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്റ് ജോഷി വടക്കന്‍. ഭേദഗതികളിലെ ചില നിര്‍ദേശങ്ങള്‍ ന്യൂനപക്ഷ വിദ്യാലയങ്ങള്‍ക്ക് ബാധകമാകില്ല എന്ന വിദ്യാഭ്യാസമന്ത്രിയുടെ ഉറപ്പും ഇതുസംബന്ധിച്ച സുപ്രീം കോടതി വിധികളും ലംഘിക്കപ്പെടുന്നതാണ് പുതിയ ഭേദഗതികളെന്ന് അദ്ദേഹം പറഞ്ഞു.

സപര്യ ഉദ്ഘാടനം
തൃശ്ശൂര്‍:
ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്പസ് യൂണിയന്‍ 'സപര്യ'യുടെ ഉദ്ഘാടനം നടന്‍ ജയരാജ് വാര്യര്‍ നിര്‍വഹിച്ചു. ആര്‍ട്‌സ് ക്‌ളബ്ബ് ഉദ്ഘാടനം കെ.ആര്‍. ടോണി നിര്‍വഹിച്ചു. ചെയര്‍മാന്‍ വിപിന്‍ലാല്‍ ടി.ബി. അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി രവിശങ്കര്‍, പ്രാദേശികകേന്ദ്രം ഡയറക്ടര്‍ കെ.ആര്‍. അംബിക, സ്റ്റാഫ് അഡ്വൈസര്‍ പി. ചിത്ര, ശ്രീദാസ് എ.ബി., രാഗി പി.എസ്., പ്രവീണ വി.ബി. തുടങ്ങിയവര്‍ സംസാരിച്ചു.