ചെമ്മണ്ണൂര്‍: നാടന്‍ ചന്തം ചാര്‍ത്തി ചെമ്മണ്ണൂര്‍ പാടത്ത് നടന്ന വിഷുവാണ്യത്തിന് വന്‍തിരക്ക്. അര്‍ധരാത്രിയോടെ വില്‍പ്പനക്കാര്‍ കൊണ്ടുവന്ന സാധനങ്ങള്‍ തീര്‍ന്നതോടെ ചന്തയിലെത്തിയവര്‍ നിരാശരായി.

വിഷുവിനെ വരവേല്‍ക്കുന്നതിന്റെ ഭാഗമാണ് ചെമ്മണ്ണൂരിലെ വിഷുവാണിഭം. ഇതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ബുധനാഴ്ച വൈകീട്ട് ആറിന് കച്ചവടക്കാര്‍ പാടത്ത് നിരന്നു. നാടന്‍ വിത്തുകള്‍, കാര്‍ഷികോപകരണങ്ങള്‍, പച്ചക്കറി, ഇറച്ചി, പടക്കം, നാടന്‍ മത്സ്യങ്ങള്‍ തുടങ്ങി 50ഓളം സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. വരള്‍ച്ച കാരണം പച്ചക്കറി ഉത്പന്നങ്ങള്‍ കുറഞ്ഞു. വൈകീട്ട് മുതല്‍ പാടത്തെ വാണിഭം കാണാനും സാധനങ്ങള്‍ വാങ്ങിക്കുന്നതിനുമായി തിരക്ക് തുടങ്ങി. രാത്രിയില്‍ ആളുകള്‍ കൂട്ടത്തോടെയിറങ്ങിയതോടെ പാടം ചന്തയുടെ തനിപകര്‍പ്പായി.