അന്നമനട: അന്നമനട ഭാഗത്ത് ചാലക്കുടിപ്പുഴയുടെ മുകള്‍ത്തട്ടിലായി പരന്നുകിടക്കുന്ന ചുവന്നപാട നാട്ടുകാരില്‍ ആശങ്ക പരത്തുന്നു. പുഴയില്‍ അന്നമനട പാലത്തിന് ഇരുഭാഗങ്ങളിലാണ് ചുവന്നപാട വ്യാപകമായി കാണപ്പെടുന്നത്.

അന്നമനട ജലസേചനപദ്ധതി പ്രവര്‍ത്തിക്കുന്ന വലിയ പമ്പ് ഹൗസിന് ചുറ്റും പാട നിറഞ്ഞ നിലയിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ ഗുണമേന്മ പരിശോധിക്കാനായി ജലം ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതുവരെ പമ്പിങ് നിര്‍ത്തിവെയ്ക്കാനാണ് നിര്‍ദേശം.

പുഴയില്‍ വെള്ളം കുറഞ്ഞതും തടയണ വഴിയുള്ള നിയന്ത്രണവും ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതാണ് പാട ഒഴുകിപ്പോകാതെ കെട്ടിക്കിടക്കാനിടയാക്കുന്നത്. പാട കണ്ട സ്ഥലം മുതല്‍ പുഴയുടെ വാലറ്റംവരെ ഒട്ടേറെ ജലസേചനപദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പലതും കുടിവെള്ളസ്രോതസ്സുമാണ്.

കാതിക്കുടം നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ ഔട്ട് ലെറ്റിനുശേഷമാണ് പാട കാണപ്പെടുന്നത് എന്നതിനാല്‍ പുഴയിലെ ചുവന്നപാട രാസമാലിന്യമാണെന്നും ആരോപണമുണ്ട്. അതിനാല്‍ ശാസ്ത്രീയമായ പരിശോധന വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.