ചാലക്കുടി: പനമ്പിള്ളി കോളേജിലെ പ്രിന്‍സിപ്പല്‍ എന്‍. ജയകുമാര്‍, സൂപ്രണ്ട് പോളി റാഫേല്‍ എന്നിവരെ മണിക്കൂറുകളോളം എസ്.എഫ്.ഐ.യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ മുറിയില്‍ പൂട്ടിയിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുടങ്ങിയ ഉപരോധം രാത്രി എട്ടേകാലിനാണ് അവസാനിച്ചത്.

പ്രിന്‍സിപ്പലിനെയും അധ്യാപകരെയും അവഹേളിക്കുന്നതരത്തില്‍ പെരുമാറിയെന്നാരോപിച്ച് നാല് എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അമ്പതോളം എസ്.എഫ്.ഐ. പ്രവര്‍ത്തകരെത്തി പ്രിന്‍സിപ്പലിന്റെ മുറിയും ഓഫീസ് മുറിയും പൂട്ടിയിട്ടതും വരാന്തയിലിരുന്ന് മുദ്രാവാക്യം വിളിച്ചതും.

ഉപരോധം തുടങ്ങുമ്പോള്‍ ഓഫീസിനകത്ത് 20 ജീവനക്കാര്‍ ഉണ്ടായിരുന്നു. ഇവരെ നാലരയോടെ പോകാനനുവദിച്ചു. എന്നാല്‍, പ്രിന്‍സിപ്പലിനെയും സൂപ്രണ്ടിനെയും തടഞ്ഞുവെച്ചു. സസ്‌പെന്‍ഷന്‍ ബുധനാഴ്ച മാത്രമാക്കി ചുരുക്കാന്‍ തീരുമാനിച്ചതോടെയാണ് ഇവരെ മോചിപ്പിച്ചത്.

വിവരമറിഞ്ഞ പോലീസ് കോളേജിനു മുമ്പില്‍ എത്തിയെങ്കിലും അകത്തുകടന്നില്ല. പ്രിന്‍സിപ്പല്‍ പോലീസിന്റെ സഹായം തേടിയതുമില്ല. ശ്രീരാജ് മുരളീധരന്‍, കെ.ഐ. കിരണ്‍, ഹയാത്ത് ഷുക്കൂര്‍, ഈശ്വരനുണ്ണി എന്നിവരെയാണ് കോളേജ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. നവംബര്‍ 30-ന് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് സസ്‌പെന്‍ഷനിലായവരുടെ പേരിലുള്ള പരാതി.

എന്‍.എസ്.എസ്. ക്യാമ്പ് ഇത്തവണ കോളേജില്‍ നടത്താനുള്ള തീരുമാനമാണ് കുട്ടികളെ പ്രകോപിതരാക്കിയത്. കാമ്പസ് ശുചീകരണം കര്‍മപരിപാടിയാക്കി ക്യാമ്പ് നടത്തുകയാണ് ലക്ഷ്യമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയെങ്കിലും കുട്ടികള്‍ വിയോജിച്ചു. തുടര്‍ന്ന് പ്രിന്‍സിപ്പലിനെയും അധ്യാപകരെയും അവഹേളിക്കുന്ന പരാമര്‍ശങ്ങളുണ്ടായെന്നാണ് പരാതി.

എസ്.എഫ്.ഐ. ജില്ലാ നേതാക്കളും സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയിരുന്നു. കോളേജ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പുണ്ടാക്കിയത്. വ്യാഴാഴ്ച സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേരും.