ചാലക്കുടി: റിവര്‍ റിസര്‍ച്ച് സെന്ററുമായി സഹകരിച്ച് മേഖലയിലെ സ്‌കൂളുകളിലെ കുട്ടികള്‍ ആര്‍ജിച്ച പുഴയറിവുകള്‍ പങ്കുവയ്ക്കാന്‍ വേദിയൊരുങ്ങി. ജനവരി 8ന് രാവിലെ 9മുതല്‍ വൈകീട്ട് നാലുവരെ ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളിലാണ് വേദിയെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, സ്‌കൂള്‍സ് ഫോര്‍ റിവര്‍ കോ- ഓര്‍ഡിനേറ്റര്‍ എ.ബി. സബ്‌ന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
'പുഴയോളങ്ങള്‍' എന്ന പരിപാടി രാവിലെ 9ന് സ്വാഗതഗാനത്തോടെ ആരംഭിക്കും. 10 മുതല്‍ കുട്ടികളുടെ പുഴയറിവുകള്‍, അനുഭവങ്ങള്‍ എന്നിവ പാട്ട്, നൃത്തം എന്നീ പരിപാടികളിലൂടെ അവതരിപ്പിക്കും. ഉച്ചതിരിഞ്ഞ് 3ന് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി വിനീത നെടുങ്ങാടി കുട്ടികളുമായി സംവദിക്കും. ഡോക്യുമെന്ററി, നാടകം തുടങ്ങിയ പരിപാടികളോടെയാണ് കുട്ടികള്‍ പുഴയറിവുകള്‍ പങ്കുവയ്ക്കുക.
3.30ന് നടക്കുന്ന സമാപന സമ്മേളനം ബി.ഡി. ദേവസ്സി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചാലക്കുടി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് സ്‌കൂള്‍, കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ്, പരിയാരം സെന്റ് ജോര്‍ജ്‌സ്, കൊടകര ഗവ. ഗേള്‍സ് സ്‌കൂള്‍, ചാലക്കുടി നിര്‍മ്മല കോളേജ്, ചാലക്കുടി എസ്.എച്ച്. കോളേജ് എന്നിവയാണ് പരിപാടികള്‍ അവതരിപ്പിക്കുക. പത്രസമ്മേളനത്തില്‍ എസ്.പി. രവി, ടി.എ. ജയന്‍ എന്നിവരും പങ്കെടുത്തു.