നെന്മണിക്കര: ബൈക്ക് യാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണത് പ്രതികളെ കുടുക്കി. പുലക്കാട്ടുകരയില്‍ ഭര്‍ത്താവിനൊപ്പം ബൈക്കില്‍ പോയിരുന്ന യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ടുപേരെയാണ് പുതുക്കാട് പോലീസ് പിടികൂടിയത്. ചിറ്റിശ്ശേരി നഗരികുന്നില്‍ നിവിന്‍ (21), ഊരകം അമരിപറമ്പില്‍ രാജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.

ചിറ്റിശ്ശേരിയില്‍നിന്ന് വരാക്കരയിലെ വീട്ടിലേക്ക് പോയിരുന്ന കുണ്ടുകുളം സംഗീതിന്റെ ഭാര്യ രഞ്ജുവിന്റെ മാലയാണ് ഇവര്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച ബൈക്കിനെ പിന്തുടര്‍ന്നെത്തിയ പ്രതികള്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. നിയന്ത്രണംവിട്ട് സംഗീതിന്റെ ബൈക്ക് പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ തട്ടി. ഇതിനിടയില്‍ പ്രതികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ റോഡില്‍ വീണു.

റോഡില്‍ വീണുകിട്ടിയ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. പുതുക്കാട് എസ്.ഐ. സുരേഷ്, അഡീഷണല്‍ എസ്.ഐ. ജോസഫ് ജോയ്‌സ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.