അതിരപ്പിള്ളി: മലക്കപ്പാറയില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ഥിനി മരിക്കാനിടയായ ബസ് അപകടം അതിവേഗം മൂലമാണുണ്ടായതെന്ന് കണ്ടെത്തി. അപകടത്തില്‍ ഡ്രൈവറുടെ പേരില്‍ കേസെടുത്തതായി മലക്കപ്പാറ എസ്.ഐ. ടി.ബി. മുരളീധരന്‍ അറിയിച്ചു. ഡ്രൈവര്‍ ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി നിഖിലിനെതിരേയാണ് പോലീസ് കേസെടുത്തത്.

ബസ് മലക്കപ്പാറ കമ്യൂണിറ്റി ഹാളിന് സമീപത്തുനിന്ന് എടുത്തപ്പോള്‍ത്തന്നെ അതിവേഗത്തിലായിരുന്നു. വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴേക്കും അപകടം സംഭവിച്ചതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികളും പറഞ്ഞു. അപകടം സംഭവിച്ചശേഷം രക്ഷാപ്രവര്‍ത്തനം നടത്താതെ ഡ്രൈവര്‍ ഇറങ്ങിയോടിയിരുന്നു.

ഡ്രൈവര്‍ക്ക് കോളേജ് ബസ് ഓടിക്കാനാവശ്യമായ ലൈസന്‍സോ മുന്‍പരിചയമോ ഉണ്ടോയെന്നും സംശയമുണ്ട്. ബസ് ചൊവ്വാഴ്ച സംഭവസ്ഥലത്തുനിന്ന് ചാലക്കുടിയിലേക്ക് മാറ്റി. വണ്ടിക്ക് ഒരുവര്‍ഷത്തെ പഴക്കംപോലുമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മോട്ടോര്‍ വാഹനവകുപ്പ് അധികൃതരുടെ പരിശോധനയ്ക്ക് ശേഷമേ വിശദവിവരങ്ങള്‍ അറിയാനാകൂ.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലേമുക്കാലോടെയാണ് മലക്കപ്പാറയ്ക്കടുത്ത് പെരുമ്പാറയില്‍ കോളേജ് ബസ് മറിഞ്ഞ് ക്രൈസ്റ്റ് കോളേജിലെ ഒന്നാംവര്‍ഷ എം.എസ്.ഡബ്ല്യു. വിദ്യാര്‍ഥിനി പുല്ലൂര്‍ ഊരകം പൊഴോലിപ്പറമ്പില്‍ വര്‍ഗീസിന്റെ മകള്‍ ആന്‍സി (21) മരിച്ചത്. സംഭവത്തില്‍ 21 പേര്‍ക്ക് പരിക്കേറ്റിരുന്നു.

മലക്കപ്പാറയിലും പെരുമ്പാറയിലും അഞ്ചുദിവസത്തെ സഹവാസക്യാമ്പ് കഴിഞ്ഞ് കോളേജിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തിനുശേഷം പരിക്കേറ്റവരുമായി രാത്രി പത്തോടെ മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്ക് വന്ന വാഹനങ്ങള്‍ മൂന്നിടത്ത് ആനക്കൂട്ടത്തിന്റെ മുമ്പില്‍പ്പെട്ടത് ഏറെ പരിഭ്രാന്തിയുണ്ടാക്കി. എന്നാല്‍, അപകടമൊന്നുമില്ലാതെത്തന്നെ വിദ്യാര്‍ഥികളെ സുക്ഷിതമായി വാഴച്ചാലില്‍ എത്തിച്ചു.

പരിക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ടുപേരൊഴികെ എല്ലാവരും ആശുപത്രി വിട്ടു. അപകടത്തില്‍ പരിക്കേറ്റ അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 21 പേരെയാണ് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സജ്ന, അക്ഷ എന്നീ വിദ്യാര്‍ഥികളാണ് ചികിത്സയിലുള്ളത്.