മറ്റത്തൂര്‍: കുളവാഴയും പുല്ലും നിറഞ്ഞ് പാഴ്‌നിലമായി കിടന്ന നമ്പ്യാര്‍പാടം വീണ്ടും കതിരണിയുന്നു. ഞാറ്റുപാട്ട് പാടി നടീല്‍ ആരംഭിച്ചപ്പോള്‍ നാടിനതൊരു ആഘോഷമായി.

മറ്റത്തൂരിലെ മോനൊടി നമ്പ്യാര്‍പാടത്തെ പതിനെട്ടര ഏക്കര്‍ തരിശുപാടത്താണ് കൃഷികൂട്ടായ്മയില്‍ ഞാറ് നട്ടത്. കാര്‍ഷിക കര്‍മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, കര്‍ഷകര്‍, പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നടീലിനായി ഒത്തുകൂടി.

വര്‍ഷങ്ങളായി പാഴ്‌നിലമായി കിടക്കുന്ന പാടം ഞാറുനടാന്‍ പാകത്തിന് ഒരുക്കിയത് തൊഴിലുറപ്പ് പദ്ധതി വഴിയാണ്. ഓഗസ്റ്റ് 14 മുതല്‍ ആറ് വാര്‍ഡുകളിലെ നൂറ്റമ്പതോളം തൊഴിലാളികള്‍ നടത്തുന്ന നിലമൊരുക്കല്‍ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടുമൂലം അരയോളം ചേറില്‍ ഇറങ്ങിനിന്ന് ഏറെ ബുദ്ധിമുട്ടിയാണ് തൊഴിലാളികള്‍ നിലമൊരുക്കുന്നത്.

കാര്‍ഷിക കര്‍മസേന സെക്രട്ടറി ശിവരാമന്‍ പോതിയില്‍, പ്രസിഡന്റ് ചന്ദ്രന്‍ ചെറുപറമ്പന്‍ എന്നിവര്‍ ഭാരവാഹികളായ സേനയാണ് പാട്ടത്തിനെടുത്ത പാടത്ത് നെല്‍സമൃദ്ധിക്കായി പരിശ്രമിക്കുന്നത്. നടീല്‍ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ നിര്‍വഹിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അധ്യക്ഷനായി. ഷീല തിലകന്‍, ജോയ് കാവുങ്ങല്‍, പി.എസ്. അംബുജാക്ഷന്‍, ശ്രീധരന്‍ കളരിക്കല്‍, ഷീല വിപിനചന്ദ്രന്‍, മോളി തോമസ്, എ.കെ. പുഷ്പാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.