സി.പി.എം. - സി.പി.ഐ. തര്‍ക്കം തുണയായി

* സി.പി.ഐ.യും സി.പി.എമ്മും സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചു

* ഗൂഢാലോചനയെന്ന് സി.പി.ഐ.

* 12 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റ്

മാള:
എല്‍.ഡി.എഫിലെ സി.പി.എം.-സി.പി.ഐ. തര്‍ക്കം യു.ഡി.എഫിന് ഗുണമായി. പുത്തന്‍ചിറ പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ വി.എ. നദീര്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍.ഡി.എഫിനും യു.ഡി.എഫിനും തുല്യ അംഗബലമായിരുന്നുവെങ്കിലും മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നദീര്‍ വിജയിച്ചത്.

ഇടതുമുന്നണിയിലെ കലഹം മൂലം പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എല്‍.ഡി.എഫിനായില്ല. പകരം സി.പി.ഐ.യും സി.പി.എമ്മും വെവ്വേറെ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുകയായിരുന്നു. സി.പി.ഐയുടെ സ്ഥാനാര്‍ഥിയായ സംഗീത അനീഷിന് നാല് വോട്ട് ലഭിച്ചു. സി.പി.എം. സ്ഥാനാര്‍ത്ഥിയായ വി.എന്‍. രാജേഷിന് മൂന്ന് വോട്ടും.

പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പഞ്ചായത്ത്രാജ് ആക്ട് പ്രകാരം കൂടുതല്‍ വോട്ട് ലഭിച്ച സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കണമെങ്കില്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആകെ ലഭിച്ച വോട്ടിനേക്കാള്‍ കൂടുതല്‍ ലഭിക്കണമെന്നുണ്ട്. ഇവിടെ സി.പി.ഐ., സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കുംകൂടി ഏഴ് വോട്ടും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ഏഴ് വോട്ടും ലഭിച്ചു. ഇത് നദീറിനെ വിജയിയായി പ്രഖ്യാപിക്കാന്‍ തടസ്സമായി.

ഏറ്റവും കുറവ് വോട്ട് ലഭിച്ചയാളെ ഒഴിവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്താനാണ് ചട്ടം അനുശാസിക്കുന്നത്. ഇതോടെ മൂന്ന് വോട്ട് ലഭിച്ച സി.പി.എം. സ്ഥാനാര്‍ഥി വി.എന്‍. രാജേഷ് മത്സരത്തില്‍നിന്നു പുറത്തായി. പിന്നീട് സി.പി.ഐ.-യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ തമ്മില്‍ മാത്രമായി മത്സരം. രണ്ടാംഘട്ടം തിരഞ്ഞെടുപ്പില്‍ സി.പി.ഐ. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതെ സി.പി.എമ്മിലെ മൂന്ന് അംഗങ്ങളും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഇതോടെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ വി.എ. നദീര്‍ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു (നദീര്‍-ഏഴ്, സംഗീത അനീഷ്-നാല്).

അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്റായിരുന്ന സി.പി.ഐ.യിലെ കെ.വി. സുജിത്ത്‌ലാല്‍ പുറത്തായതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്. യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അന്ന് സി.പി.എം. പിന്തുണച്ചിരുന്നു.സി.പി.എം.-കോണ്‍ഗ്രസ് കൂട്ടുകെട്ട് വ്യക്തമായി -സി.പി.ഐ.മാള: സി.പി.ഐ. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യാതെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച സി.പി.എം. മുന്നണിമര്യാദ ലംഘിച്ചിരിക്കയാണെന്ന് സി.പി.ഐ. നേതാവും മുന്‍ പ്രസിഡന്റുമായ കെ.വി. സുജിത്ത്‌ലാല്‍ പറഞ്ഞു. കോണ്‍ഗ്രസുമായുണ്ടായിരുന്ന സി.പി.എമ്മിന്റെ രഹസ്യ കൂട്ടുകെട്ട് ഇതോടെ വ്യക്തമായിരിക്കയാണ്.

വിട്ടുനിന്നത് ധാരണ പാലിക്കാതിരുന്നതിനാല്‍

-സി.പി.എം.

മാള:
പഞ്ചായത്ത് ഭരണം സംബന്ധിച്ച് എല്‍.ഡി.എഫ്. ഉണ്ടാക്കിയിരുന്ന ധാരണ പാലിക്കാന്‍ സി.പി.ഐ. തയ്യാറാകാതിരുന്നതാണ് സി.പി.എം. വ്യത്യസ്ത നിലപാട് സ്വീകരിക്കാനിടയാക്കിയതെന്ന് സി.പി.എം. പ്രാദേശിക നേതൃത്വം വിശദീകരിച്ചു. കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.പി. സോണിയെ എല്‍.ഡി.എഫ്. പിന്തുണയോടെ പ്രസിഡന്റാക്കിയപ്പോഴുണ്ടാക്കിയിരുന്ന ധാരണയാണ് പാലിക്കാതിരുന്നത്.