തൃശ്ശൂര്‍: ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍. ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ മരുന്നുകളെ മൂന്നുവിഭാഗമാക്കിതിരിച്ചുകൊണ്ടാണിത്. ആവശ്യത്തിനുസരിച്ചാണ് ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് എന്നുറപ്പുവരുത്തുകയെന്നതാണ് ലക്ഷ്യമെന്ന് ലോകാരോഗ്യസംഘടന വെബ്‌സൈറ്റില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അത്യാവശ്യ മരുന്നുകളുടെ പട്ടികയിലാണ് മാറ്റം വരുത്തിയത്.

അശാസ്ത്രീയമായ ആന്റിബയോട്ടിക് ഉപയോഗം മൂലം രോഗാണുക്കള്‍ കൂടുതല്‍ പ്രതിരോധശേഷി നേടുന്നതായും പഠനങ്ങള്‍ ഉണ്ടായിരുന്നു.

ഉപയോഗിക്കാവുന്നത്, ശ്രദ്ധിക്കേണ്ടത്, പരിഗണനയില്‍ വെക്കേണ്ടത് എന്നിങ്ങനെയാണ് മരുന്നുകളെ തരം തിരിച്ചിരിക്കുന്നത്. 21 ഇനം അണുബാധകള്‍ക്കുള്ള മരുന്നുകളാണ് ഇപ്പോള്‍ ഇങ്ങനെ തരംതിരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ മറ്റു അണുബാധകള്‍ക്കുള്ള മരുന്നുകള്‍ പിന്നീട് ഇതില്‍ ചേര്‍ക്കും.

ഉപയോഗിക്കാവുന്നത് എന്ന പട്ടികയില്‍ സാധാരണ അണുബാധയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളെ എല്ലാം ഉള്‍പ്പെടുത്തിയിരിക്കുന്നു.രണ്ടാംഘട്ടം എന്ന നിലയിലോ പ്രത്യേക അണുബാധകള്‍ക്കോ ഉപയോഗിക്കാവുന്ന മരുന്നുകളാണ് ശ്രദ്ധിക്കേണ്ടവയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റെല്ലാവഴികളും പരാജയപ്പെടുമ്പോഴോ ഗുരുതരമായ അവസ്ഥയിലോ ആണ് പരിഗണനയില്‍ വെക്കേണ്ട പട്ടികയിലെ മരുന്നുകള്‍ ഉപയോഗിക്കേണ്ടത്.

ലോകാരോഗ്യ സംഘടനയുടെ എസന്‍ഷ്യല്‍ മെഡിസിന്‍ ലിസ്റ്റില്‍ 40 വര്‍ഷത്തിനിടക്കുവരുന്ന വലിയ പരിഷ്‌കരണമാണിത് എന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. എയ്ഡ്‌സ്, ഹെപ്പറ്റൈറ്റിസ്-സി, ടി.ബി, ലുക്കിമിയ തുടങ്ങിയവക്കുള്ള മരുന്നുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.