jiboyകുന്നംകുളം: പാറേമ്പാടത്ത് റോഡിലെ കുഴിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കോലഴി ആലുക്ക ഗാര്‍ഡനില്‍ ജാതിക്കപറമ്പില്‍ ഡേവിഡിന്റെ മകന്‍ ജിബോയ് (27) ആണ് മരിച്ചത്. നിലമ്പൂരിലെ ഭാര്യവീട്ടില്‍നിന്ന് കോലഴിയിലേക്ക് വരുന്നതിനിടെ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് അപകടം.

തൃത്താലയില്‍നിന്ന് കുന്നംകുളത്തേക്കുള്ള ജലവിതരണ പൈപ്പ് പൊട്ടിയത് അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം പാറേമ്പാടത്തെ റോഡ് പുനര്‍നിര്‍മിച്ചിരുന്നില്ല. റോഡിന്റെ ഏകദേശം മധ്യത്തിലായാണ് കുഴിയുള്ളത്. ഇതില്‍ വീണ് മറിഞ്ഞ ജിബോയിയും ബൈക്കും എതിരേ വന്നിരുന്ന ലോറിക്കടിയില്‍പ്പെടുകയായിരുന്നു.

കുന്നംകുളത്തുനിന്ന് ലീഡിങ് ഫയര്‍മാന്‍ ടി.കെ. എല്‍ദോയുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി ലോറി ജാക്കിയുപയോഗിച്ച് പൊക്കിനിര്‍ത്തിയാണ് യുവാവിനെയും ബൈക്കും പുറത്തെടുത്തത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കംപ്യൂട്ടര്‍ ടെക്നീഷ്യനും ഒളരിയിലെ എബനേസര്‍ പ്രസിലെ ജീവനക്കാരനുമാണ്. ഭാര്യ: ജിജി. മക്കള്‍: ജീവോണ്‍, ജെറോണ്‍. ശവസംസ്‌കാരം ബുധനാഴ്ച രാവിലെ 10-ന് പൂമല പീസ് ഗാര്‍ഡന്‍ സെമിത്തേരിയില്‍.