പെരിഞ്ഞനം: 'സ്വാതന്ത്ര്യ രാജ്യത്തിന്‍ സാമ്രാട്ടാം തേജസ്സിന്‍ എന്നു തുടങ്ങുന്ന പ്രാര്‍ഥനാഗാനം പുതുതലമുറയ്ക്ക് പരിചിതമായിരിക്കുകയില്ല. രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഈ ഗീതം മനസ്സില്‍ ഇപ്പോഴും ആവേശത്തോടെ കാത്തുസൂക്ഷിക്കുന്ന തൊണ്ണൂറ്റിയഞ്ച് വയസ്സുകാരിയുണ്ട് പെരിഞ്ഞനത്ത്.

ചക്കാലയ്ക്കല്‍ ജാനകിയമ്മയാണ് താന്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ പഠിച്ച സ്വാതന്ത്ര്യത്തെ കുറിച്ചുള്ള മുപ്പത് വരികളുള്ള പ്രാര്‍ത്ഥനാഗീതം ഇപ്പോഴും ഹൃദിസ്ഥമാക്കി വെച്ചിരിക്കുന്നത്.

കവിതചൊല്ലുവാന്‍ പറയേണ്ട താമസം ഒരു വരിപോലും തെറ്റാതെ ജാനകിയമ്മ ചൊല്ലിത്തീര്‍ക്കും. പ്രായത്തിന്റെ അവശതകളേറെയുണ്ടെങ്കിലും പാടിത്തുടങ്ങുമ്പോള്‍ ജാനകിയമ്മ അതെല്ലാം മറക്കും. പെരിഞ്ഞനം വെസ്റ്റ് കൃഷ്ണന്‍ മാസ്റ്റര്‍ എല്‍.പി. സ്‌കൂളില്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അധ്യാപകന്‍ കൂടിയായ കൃഷ്ണന്‍ മാസ്റ്റര്‍ ജാനകിയമ്മക്ക് കവിത പഠിപ്പിച്ചുകൊടുക്കുന്നത്.

കവിത പിറ്റേന്നുതന്നെ മുഴുവനായി അധ്യാപകന് ഈണത്തില്‍ ചൊല്ലിക്കൊടുത്ത ജാനകിയമ്മക്ക് രണ്ട് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കാനും അധ്യാപകന്‍ മറന്നില്ല. പക്ഷേ, കവിത ആരെഴുതിയതാണെന്ന് ജാനകിയമ്മക്ക് ഓര്‍മ്മയില്ല.

നാലാംക്ലാസ്സില്‍ പഠനം അവസാനിപ്പിച്ചെങ്കിലും കവിതകളും പാട്ടുകളുമായുള്ള ചങ്ങാത്തം ജാനകിയമ്മ തുടര്‍ന്നു. കേട്ടുപഠിക്കുന്നതായിരുന്നു കുടുതല്‍ താത്പര്യം. പഴയകാല ഓണപ്പാട്ടുകളും നാടന്‍പാട്ടുകളും ഇത്തരത്തില്‍ മനഃപാഠമാണ്.

ശാരീരിക അവശതകള്‍ക്കിടയിലും പാട്ടുകള്‍ പാടാത്ത ഒരു ദിവസം പോലും ഇല്ലെന്ന് മകള്‍ വിജയലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനായി അമ്മ പാടുന്ന പാട്ടുകള്‍ മകള്‍ എഴുതിവെച്ചിട്ടുമുണ്ട്. വീട്ടിലെത്തുന്നവരെ അടുത്തിരുത്തി ഈണത്തോടും താളത്തോടും പാട്ടുപാടി കേള്‍പ്പിക്കുന്നതാണ് ജാനകിയമ്മയുടെ വിനോദം.

Content Highlights: independence poem by janakiyamma