കൊടുങ്ങല്ലൂര്‍: 'ടിക്, ടിക്... ശബ്ദം ഗോപികയുടെ ജീവിതത്തിന്റെ ഭാഗംതന്നെയാണ്. ഈ ശബ്ദം മാത്രമല്ല ഘടികാരങ്ങളുടെ റിപ്പയറിങ്ങും ബി.ടെക്കിന് ചേരുംമുമ്പുതന്നെ ഗോപികയ്ക്ക് വഴങ്ങും. ഇപ്പോള്‍ സാങ്കേതിക സര്‍വകലാശാലയുടെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്ങിലെ മൂന്നാം റാങ്കിന്റെ തിളക്കത്തിലാണ് ഗോപിക.

കൊടുങ്ങല്ലൂര്‍ കാത്തോളിപറമ്പില്‍ പുത്തന്‍കോവിലകത്ത് പടിഞ്ഞാറേമഠം പരേതനായ മോഹനചന്ദ്രന്റെയും രമാദേവിയുടെയും മകളാണ് എം. ഗോപിക. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് പഠിച്ചത്.

കൊടുങ്ങല്ലൂര്‍ പി. ഭാസ്‌കരന്‍ മെമ്മോറിയല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ ഗോപിക ഒഴിവുസമയങ്ങളില്‍ അച്ഛന്‍ ശൃംഗപുരത്ത് നടത്തുന്ന സ്വാമീസ് വാച്ച് റിപ്പയറിങ് കടയിലെത്തും. അങ്ങനെയാണ് പണി പഠിച്ചത്. എന്‍ജിനീയറിങ്ങിന് പഠിക്കുമ്പോഴും കോളേജ് സമയത്തിനുശേഷം മണിക്കൂറുകളോളം ജോലിയില്‍ അച്ഛനെ സഹായിക്കും. കഴിഞ്ഞ നവംബറില്‍ അച്ഛന്റെ മരണത്തോടെ കടയില്‍ പോക്ക് നിര്‍ത്തി. വീടിന്റെ ചുമരുകളിലെ ഘടികാരങ്ങളുടെ സംരക്ഷണത്തിലായി പിന്നീടുള്ള ശ്രദ്ധ.

അമ്പതിലധികം ഘടികാരങ്ങളാണ് ഗോപികയുടെ വീട്ടിലുള്ളത്. എല്ലാം നൂറും നൂറ്റിയമ്പതും വര്‍ഷം പഴക്കമുള്ളവ.

ഇവയില്‍ മിക്കതും ലക്ഷങ്ങള്‍ വിലമതിപ്പുള്ളതും അപൂര്‍വങ്ങളുമാണ്. ഇവയെല്ലാം ആഴ്ചയിലൊരിക്കല്‍ താഴെയിറക്കി തുടച്ചുവൃത്തിയാക്കി കീ കൊടുക്കും. കാമ്പസ് പ്ലേസ്മെന്റ് ലഭിച്ച ഗോപിക അടുത്തുതന്നെ ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിക്കും. സഹോദരന്‍ ഗോകുലന്‍ എം.ആര്‍.എഫ്. ട്രിച്ചിയിലെ സൂപ്പര്‍വൈസറാണ്.