തൃശ്ശൂര്‍: സമയം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടര. അഗ്‌നിരക്ഷാസേനയുടെ 101 നമ്പറിലേയ്ക്ക് ഒരു ഫോണ്‍. ''സാറേ ഞാന്‍ കിണറ്റിലാ... ഒന്ന് രക്ഷിക്കണം'' -ഫോണ്‍ വിളിച്ചയാള്‍ ദയനീയമായി പറഞ്ഞു. വിളിച്ചത് ടാങ്കര്‍ലോറി ജീവനക്കാരന്‍. ഉടന്‍ അഗ്‌നിരക്ഷാസേന പുറപ്പെട്ടു. ഒല്ലൂര്‍ പോലീസിനൊപ്പം നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെ അഞ്ചേരിച്ചിറയിലെ പല്ലന്‍ കോളനിയിലെ പൊതുകിണറ്റില്‍നിന്ന് ആളെ കണ്ടെത്തി കരയ്ക്കുകയറ്റി.

ആറുമണിക്കൂര്‍ നീണ്ട തിരച്ചിലില്‍ നാട്ടുകാരും പങ്കാളികളായി. കിണറ്റില്‍ വീണയാള്‍ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു.

ഏതു കിണറ്റിലാണ് വീണതെന്ന അഗ്‌നിരക്ഷാസേനയുടെ ചോദ്യത്തിന് കുട്ടനെല്ലൂര്‍ ഔഷധിയുടെ പുറകിലെ കിണറ്റില്‍ എന്നാണ് ഇയാള്‍ മറുപടി നല്‍കിയിരുന്നത്. അതുകൊണ്ട് ആ മേഖലയിലാണ് ആദ്യം തിരച്ചില്‍ ആരംഭിച്ചത്. അഗ്‌നിരക്ഷാസേനയെ വിളിച്ചതിനൊപ്പം ഇയാള്‍ ലോറിയില്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും വിവരമറിയിച്ചിരുന്നു. അവര്‍ ഒല്ലൂര്‍ പോലീസിലും വിവരം അറിയിച്ചു.

നടത്തറ ഹൈവേയില്‍ പ്രാഥമികാവശ്യങ്ങള്‍ക്കായി രാത്രി പതിനൊന്നിനാണ് ഇയാള്‍ ലോറിയില്‍നിന്ന് ഇറങ്ങിയത്. ആരോ ആക്രമിക്കാന്‍ വരുന്നെന്നു കരുതി ഓടിയ താന്‍ കിണറ്റില്‍ വീണെന്നാണ് ഇയാള്‍ പറയുന്നത്. ലോറിയില്‍നിന്ന് ഇറങ്ങിയ സ്ഥലത്തുനിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള പൊതു കിണറ്റിലാണ് വീണുകിടന്നിരുന്നത്.

അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കുട്ടനെല്ലൂര്‍, പടവരാട് മേഖലയിലെ രണ്ടുകിലോമീറ്റര്‍ ചുറ്റളവിലുള്ള കിണറുകളിലെല്ലാം ആളെ തപ്പി. ഒടുവില്‍ ഒല്ലൂര്‍ പോലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് അഞ്ചേരിച്ചിറയിലെ കിണറ്റിലാണെന്ന് മനസ്സിലായത്. കിണറ്റില്‍വെച്ചും ഇയാള്‍ ലഹരി ഉപയോഗിക്കുന്നത് കണ്ടുവെന്ന് അഗ്‌നിരക്ഷാസേന പറയുന്നു.

ആദ്യം കിണറ്റില്‍നിന്ന് കയറാനും ഇയാള്‍ തയ്യാറായില്ല, അവസാനം അഗ്‌നിരക്ഷാസേന വലയിട്ട് കയറ്റി. ചെറിയ പരിക്കുണ്ട്. അഗ്‌നിരക്ഷാസേനാ അംഗങ്ങളായ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എ. ബാബുരാജന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്.വി. സുമില്‍, എം. ജി. ശ്യാം, ഗിരീഷ്, ടി.ബി. സതീഷ്, മധുപ്രസാദ്, എ.എല്‍. അനന്തു, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍)സൂര്യകാന്തന്‍, ഹോം ഗാര്‍ഡ് ഷാജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.