• വനം വകുപ്പ് അടിക്കാട് വെട്ടുന്നില്ല
  • 500 കുടുംബങ്ങൾ കാട്ടുതീ ഭീതിയിൽ

രോ വേനൽ ശക്തിപ്രാപിക്കുമ്പോഴും തോട്ടം മേഖലയിലെ ജനങ്ങളുടെയുള്ളിൽ തീയായിരിക്കും. വരന്തരപ്പിള്ളി കുട്ടൻചിറയിലെ തോട്ടങ്ങളും പരിസരവാസികളുമാണ് അഗ്നിഭയത്തിന്റെ നിഴലിൽ കഴിയുന്നത്. തോട്ടങ്ങളോട് ചേർന്നുള്ള അടിക്കാട് വെട്ടാൻ വനം വകുപ്പ് നടപടിയെടുക്കാത്തതാണ് തോട്ടങ്ങളെ ഭീതിയിലാക്കുന്നത്.

പാലപ്പിള്ളി റേഞ്ചിലെ കുട്ടൻചിറയ്ക്ക് സമീപത്തെ അഞ്ഞൂറോളം കുടുംബങ്ങൾ അഗ്നിബാധയുണ്ടായാൽ എങ്ങനെ പ്രതിരോധിക്കുമെന്നറിയാതെ ആശങ്കയിലാണ്.

കുട്ടൻചിറയിലെ 168 ഹെക്ടർ തേക്ക് തോട്ടത്തിലെ അടിക്കാടുകളാണ് വെട്ടാതെ കിടക്കുന്നത്‌. തോട്ടത്തിന് ചുറ്റും പടർന്നുകയറിയ അടിക്കാട് റോഡിലേക്കും വ്യാപിച്ച നിലയിലാണ്.

 2009 മുതൽ ആറു വർഷത്തിനിടെ പല കാലങ്ങളിലായി റീപ്ലാന്റ് ചെയ്ത തേക്കുതോട്ടമാണ് ഭീഷണി നേരിടുന്നത്. തൈകൾക്ക് മൂന്ന് വർഷം നിർബന്ധിത പരിപാലനവും തുടർന്ന് അഞ്ച് വർഷം പരിപാലനവും വനം വകുപ്പ് നിർദേശിക്കുന്നുണ്ടെങ്കിലും വർഷങ്ങളായി യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

ലക്ഷക്കണക്കിന് തേക്കിൻതൈകൾ നശിച്ചുപോകുന്നതിനോടൊപ്പം വന്യജീവികളുടെ ആവാസവ്യവസ്ഥയും ഇല്ലാതാകാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

 മെയ്, ജൂൺ മാസങ്ങളിലാണ് തേക്ക്‌ തോട്ടങ്ങളിലെ അടിക്കാട് വെട്ടി സംരക്ഷിക്കേണ്ടത്. എന്നാൽ രണ്ട് വർഷത്തിലേറെയായി കാട് വെട്ടാത്തതിനാൽ തേക്കിൻതൈകളേക്കാൾ ഉയരത്തിലാണ് പാഴ്‌ചെടികൾ വളർന്നുനിൽക്കുന്നത്.

തോട്ടത്തിനുള്ളിലൂടെ പൊതുജനങ്ങൾക്കായി വനം വകുപ്പ് തുറന്നുകൊടുത്തിട്ടുള്ള കുട്ടൻചിറ - കള്ളായി റോഡും കാടുമൂടിയ സ്ഥിതിയിലാണ്.
വർഷംതോറും കാട് വെട്ടിത്തെളിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സമർപ്പിക്കുന്നുണ്ടെങ്കിലും പരിപാലനം മാത്രം നടക്കുന്നില്ല. ഒരു ഹെക്ടർ തോട്ടത്തിലെ കാട് വെട്ടി സംരക്ഷിക്കുന്നതിന് 18 പണിയാണ് വനം വകുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

എന്നാൽ 54 പണിവരെ ഒരു ഹെക്ടറിന് വേണ്ടിവരുമെന്ന കൺവീനർമാരുടെ അടങ്കൽ തുകയ്ക്ക്‌ അംഗീകാരം ലഭിക്കാത്തതാണ് അടിക്കാട് വെട്ടുന്നതിന് തടസ്സമാകുന്നത്. കുറഞ്ഞ തുകയ്ക്ക് കാടുവെട്ടാൻ തയ്യാറുള്ളവരെ മാറ്റിനിർത്തിയാണ് ഉയർന്ന തുകയ്ക്ക് കരാർ നൽകുന്നതെന്ന ആരോപണവും നിലവിലുണ്ട്. വനം വകുപ്പ് അംഗീകരിച്ച തുകയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിൽ മുപ്പത് ഹെക്ടർ തോട്ടത്തിൽ കളനശീകരണം നടത്തിയ കൺവീനർക്ക് കൂലി നൽകാത്തതും വിവാദമായിരുന്നു.

പാലപ്പിള്ളി റേഞ്ചിൽ ഓഫീസറില്ലാതായിട്ട്‌ മാസങ്ങളായി. വെള്ളിക്കുളങ്ങര റേഞ്ച് ഓഫീസർക്ക് അധികച്ചുമതല നൽകിയിരിക്കുകയാണ് ഇപ്പോൾ. തൊഴിലാളികളോടൊപ്പംനിന്ന പഴയ റേഞ്ച് ഓഫീസറെയും പിന്നീടെത്തിയ റേഞ്ച് ഓഫീസറെയും പ്രതികാരബുദ്ധിയോടെ വകുപ്പ് സ്ഥലംമാറ്റുകയായിരുന്നുവെന്നും ആരോപണമുണ്ട്.

രണ്ടാമതെത്തിയ റേഞ്ച് ഓഫീസർ മൂന്നര മാസം മാത്രമാണ് ഇവിടെ ജോലിചെയ്തത്.

ഇതിനിടെ കാട് വെട്ടിയ തൊഴിലാളികൾക്ക് കൂലിനൽകാത്തതിനെ തുടർന്ന് കൺവീനർ ഉൾപ്പെടെയുള്ളവർ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു. രണ്ടുവർഷം മുൻപ് തോട്ടത്തിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചിരുന്നു. ഫയർഫോഴ്സ് എത്തിയിട്ടും തീ അണയ്ക്കാൻ കഴിയാതെവന്നതോടെ മുഴുവൻ തൈകളും കത്തിത്തീരുകയായിരുന്നു.