1971ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വിജയിച്ചതിന്റെ സന്തോഷം പങ്കിടാനായി ഒളരി വെളുത്തൂര്‍ കൊണ്ടോര് വീട്ടില്‍ നന്ദകുമാര്‍ ഇന്ദിരാഗാന്ധിക്ക് കത്തയച്ചപ്പോള്‍ അതിനൊരു മറുപടിയെന്നത് വിദൂരസ്വപ്നത്തില്‍ പോലുമുണ്ടായിരുന്നില്ല.
എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ന്യൂഡല്‍ഹിയില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഒരു മറുപടിക്കത്ത് നന്ദകുമാറിന് ലഭിച്ചു. ഏതാനും വരികളിലവസാനിച്ച കത്തിന്റെ അവസാനത്തെ പേരു കണ്ട് വിശ്വാസം വരാതെ നന്ദകുമാര്‍ നിന്നു. ഇന്ദിരാഗാന്ധിയായിരുന്നു ആ മറുപടിക്കത്ത് അയച്ചത്. അഭിനന്ദനങ്ങള്‍ക്കു നന്ദി,
നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസവും സ്‌നേഹവും എന്റെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിപ്പിക്കുന്നു. തുടര്‍ന്നും നിങ്ങളുടെ പിന്തുണയും കരുതലും പ്രതീക്ഷിക്കട്ടെ എന്ന മറുപടി.
രാഷ്ട്രീയാനുഭാവി ആയിരുന്നില്ലെങ്കിലും ഇന്ദിരാഗാന്ധിയായിരുന്നു നന്ദകുമാറിന്റെ മനസ്സിലെ എക്കാലത്തെയും ആരാധ്യനേതാവ്. കര്‍ക്കശക്കാരിയായ ഇന്ദിരയുടെ നിലപാടുകളില്‍ ആദരവ് തോന്നിയാണ് കത്തയച്ചത്. ഇന്ദിരാഗാന്ധി അയച്ച മറുപടിക്കത്ത് നാട്ടിലുള്ളവരെയെല്ലാം അന്ന് കാണിച്ചിരുന്നു.
അതിനുശേഷം നന്ദകുമാര്‍ അധ്യാപകനായി ഡല്‍ഹിയിലെത്തി. അടിയന്തരാവസ്ഥക്കാലത്തും ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട കാലത്തുമെല്ലാം ഡല്‍ഹിയിലായിരുന്നു നന്ദകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍.
ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത കേട്ട നിമിഷം തകര്‍ന്നുപോയെന്നാണ് നന്ദകുമാര്‍ പറയുന്നത്. അമ്മയെ പോലെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ്ത്രീ എന്നാണ് നന്ദകുമാര്‍ ഇന്ദിരാഗാന്ധിയെപ്പറ്റി പറയാറുള്ളത്. അത്രമേല്‍ സ്നേഹിച്ച നേതാവിന്റെ വിയോഗം ഓര്‍ക്കുമ്പോള്‍ ഇന്നും ചെറിയൊരു നൊമ്പരം മനസ്സില്‍ വരും.
ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് സര്‍ദാര്‍ജിയായ ഒരു മനുഷ്യന്‍ നന്ദകുമാറിനൊപ്പമുണ്ടായിരുന്നു. നന്ദകുമാറിന്റെ വീടിന്റെ മുകളിലാണ് കലാപകാലത്ത് അദ്ദേഹവും കുടുംബവും ഒളിച്ചു കഴിഞ്ഞിരുന്നത്.
വിവിധ വന്‍നഗരങ്ങളിലെ ജീവിതത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങിവന്നിരിക്കുകയാണ് നന്ദകുമാര്‍.
പല നാടുകളിലെ ജീവിതത്തിനിടയില്‍ ഇടയ്‌ക്കെപ്പൊഴോ ഇന്ദിരാഗാന്ധിയയച്ച കത്ത് അദ്ദേഹത്തിന്റെ കൈയില്‍നിന്ന് നഷ്ടപ്പെട്ടു. പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ അവിചാരിതമായി പഴയ പുസ്തകങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതിനിടയിലിരിക്കുന്ന കത്ത് കണ്ടത്.
തൃശ്ശൂര്‍ ശക്തന്‍ തമ്പുരാന്‍ കോളേജിലെ കൊേമഴ്സ് വിഭാഗം അധ്യാപകനാണ് നന്ദകുമാര്‍ ഇപ്പോള്‍. ഭാര്യ ഇന്ദിരയുമൊത്ത് വെളുത്തൂരിലെ വീട്ടിലാണ് താമസം.