ഗുരുവായൂര്‍: നാട്ടുകാര്‍ നാലരപ്പതിറ്റാണ്ട് നീണ്ട കഠിനപരിശ്രമത്തിലൂടെ   പടുത്തുയര്‍ത്തിയ ക്ഷേത്രമാണ് പാര്‍ത്ഥസാരഥി. കാടുപിടിച്ച്  അന്തിത്തിരിപോലുമില്ലാതെ നശിച്ച അവശിഷ്ടങ്ങളില്‍നിന്നാണ് ക്ഷേത്രം  പുനരുദ്ധരിച്ചത്. ഒരു മഹാക്ഷേത്രത്തിനുവേണ്ട എല്ലാ നിര്‍മാണപ്രവൃത്തികളും ഏതാണ്ട് പൂര്‍ത്തിയാക്കിയപ്പോഴാണ് മലബാര്‍   ദേവസ്വം ഈ ക്ഷേത്രം ഏറ്റെടുക്കുന്നത്. 

കാടുപടലങ്ങള്‍ മൂടി ജീര്‍ണിച്ച, ഗര്‍ഭഗൃഹം മാത്രം അവശേഷിക്കുകയും അതിന്റെ മേല്‍ക്കൂര 1971ല്‍ ഇടിഞ്ഞുവീഴുകയും ചെയ്തപ്പോഴാണ് നാട്ടുകാര്‍ ഉണര്‍ന്നത്. മുള്‍ച്ചെടികളും മറ്റും വെട്ടിമാറ്റി നോക്കിയപ്പോഴാണ് ഇടിഞ്ഞുകിടന്ന ഗര്‍ഭഗൃഹത്തില്‍ പാര്‍ത്ഥസാരഥിയുടെ വിഗ്രഹം കണ്ടത്. മുഖ്യരക്ഷാധികാരിയായി തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയും പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പി.വി. രാധാകൃഷ്ണയ്യരും രംഗത്തുവന്നു. അന്നത്തെ ഗുരുവായൂര്‍ വലിയ തന്ത്രി ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടും സേവനനിരതനായി താന്ത്രികച്ചടങ്ങുകള്‍  നിര്‍വഹിക്കാനെത്തി.  

നിത്യപൂജാദികള്‍ തുടങ്ങാന്‍ നാട്ടുകാര്‍ മാസംതോറും വിഹിതം നല്‍കിത്തുടങ്ങി. 1973 ജനുവരി ഒന്നിന് ജ്യോതിഷപണ്ഡിതന്‍ പുതുശ്ശേരി വിഷ്ണുനമ്പൂതിരി പ്രധാന ദൈവജ്ഞനായി അഷ്ടമംഗലപ്രശ്‌നം നടത്തി. പാര്‍ത്ഥസാരഥിയുടെ നിത്യസാന്നിധ്യമുണ്ടെന്നും പുനഃപ്രതിഷ്ഠാദിക്രിയകള്‍  നടത്താനും നിര്‍ദേശിച്ചു. ക്ഷേത്രഭരണസമിതിയുണ്ടാക്കി.  

കടമെടുത്തും ഭക്തരില്‍നിന്നും പണം ശേഖരിച്ചും ക്ഷേത്രപ്പറമ്പും കുളവുമൊക്കെ മടക്കിയെടുത്തു. ക്ഷേത്രപുനര്‍നിര്‍മാണത്തിന് തന്ത്രി  ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടും തിരുനാമാചാര്യന്‍ ആഞ്ഞം മാധവന്‍ നമ്പൂതിരിയും ശിലാസ്ഥാപനം നിര്‍വഹിച്ചു. അതത് ദിവസത്തെ  ചെലവിനായി തിരുനാമാചാര്യനും മുഖ്യകാര്യദര്‍ശിയായിരുന്ന രാധാകൃഷ്ണയ്യരും ഏറെ ശ്രമം നടത്തി. പിന്നീട് ക്ഷേത്രം മാനേജരായി വന്ന തെക്കുമുറി മാധവന്‍ നായരും മാറിവന്ന ഭരണസമിതി ഭാരവാഹികളും വികസനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.  
 
കൃഷ്ണശിലയില്‍ രഥത്തിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ചത് കാഞ്ചീപുരത്തുള്ള നൂറില്‍പ്പരം ശില്പികളായിരുന്നു. 1981ല്‍ ആയിരുന്നു  നവീകരണകലശം നടന്നത്. മഹാകുംഭാഭിഷേകച്ചടങ്ങ് നിര്‍വഹിച്ചത് കാഞ്ചി ആചാര്യന്‍ ജയേന്ദ്രസരസ്വതിയും. പിന്നീട്, ഉപദേവക്ഷേത്രങ്ങളും  നവഗ്രഹക്ഷേത്രവും ആദിശങ്കരക്ഷേത്രവും നിര്‍മിച്ചു. ക്ഷേത്രഗോപുരങ്ങളും  സപ്താഹമന്ദിരവും നടപ്പുരകളും ഊട്ടുപുരയുമൊക്കെ നിര്‍മിച്ചുകഴിഞ്ഞു.  ക്ഷേത്രക്കുളവും നവീകരിച്ചു.