കുഞ്ഞുമനസ്സിലെ ചിന്തകളും സ്വപ്‌നങ്ങളും വർണത്തിൽ ചാലിച്ച് കാൻവാസിലേക്ക് പകർത്തിയിരിക്കുകയാണ് ഒരുകൂട്ടം വിദ്യാർഥികൾ. കറുപ്പും വെളുപ്പും ഓറഞ്ചും  മഞ്ഞയും... തുടങ്ങിയ നിറങ്ങളുടെ ലോകത്തിലേക്കുള്ള സഞ്ചാരമാണ് വിദ്യാർഥികൾ നടത്തുന്നത്.
മാള ഹോളിഗ്രേയ്‌സ് അക്കാദമിയിലെ വിദ്യാർഥികളാണ് വ്യത്യസ്തമാധ്യമങ്ങളിൽ ലളിതകലാഅക്കാദമിയിൽ നടക്കുന്ന എക്‌സിബിഷനിൽ വർണലോകം തീർത്തിരിക്കുന്നത്.  
വരയ്ക്കാം പഠിക്കാം 

   സ്‌കൂളിലെ ചിത്രരചനാഅധ്യാപകരാണ് പ്രദർശനം നടത്താൻ വിദ്യാർഥികൾക്ക് പ്രചോദനം നൽകുന്നത്. മൂന്നാമത്തെ വർഷമാണ് വിദ്യാർഥികളുടെ പ്രദർശനം നടക്കുന്നത്. രണ്ടുവർഷമായി എറണാകുളം ദർബാർ ഹാളിലാണ്‌ സംഘടിപ്പിച്ചിരുന്നത്. ആദ്യവർഷത്തിൽനിന്ന്‌ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇത്തവണത്തേതെന്ന് ചിത്രരചനാധ്യാപകൻ എ.എസ്. സുജിത്ത് പറഞ്ഞു. കഴിഞ്ഞവർഷം രണ്ടോ മൂന്നോ ചിത്രങ്ങൾ മാത്രമായിരുന്നു കാൻവാസിൽ പ്രദർശനം നടത്തിയത്. 
ഇത്തവണ മുഴുവൻ ചിത്രങ്ങളും കാൻവാസിലാണ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയും പ്രദർശനത്തിനുണ്ട്. സ്‌കൂൾ തുറക്കുന്ന സമയത്ത് വിദ്യാർഥികളോട് പ്രദർശനം നടത്തുന്ന കാര്യം ഓർമിപ്പിക്കും. നാലോ അഞ്ചോ മാസങ്ങൾക്കുള്ളിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ അവർ വരയ്ക്കും. സ്‌കൂളിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽനിന്ന്‌ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളാണ് ഉൾക്കൊള്ളിക്കുന്നത്. പ്രദർശനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിദ്യാർഥികൾ. നാലുദിവസങ്ങളിലും പ്രദർശനത്തിൽ വിദ്യാർഥികൾ പങ്കെടുക്കും. ഒാരോ സെക്ഷനായിട്ടാണ് വിദ്യാർഥികളെ കൊണ്ടുവരുന്നത്. അതിനാൽ മുഴുവൻ വിദ്യാർഥികൾക്ക് പ്രദർശനത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

വാട്ടർ കളർ മുതൽ കളിമൺവരെ

   വ്യത്യസ്തമാധ്യമങ്ങൾ ഉപയോഗിച്ച് രചനകൾ നടത്താനാണ് ഓരോ വിദ്യാർഥിയും ശ്രമിച്ചിട്ടുള്ളതെന്നതാണ് പ്രദർശനത്തിന്റെ മറ്റൊരു പ്രത്യേകത. പുതുവഴികൾ തേടിയവരും കുറവല്ല. മ്യൂറൽ, വാട്ടർ കളർ, കളർ പെൻസിലിങ്, ക്രയോൺ, കളിമൺ, അലൂമിനിയം എന്നിവ ഉപയോഗിച്ചാണ് ചിത്രങ്ങൾ വരച്ചിട്ടുള്ളത്. 
ഒമ്പതാം ക്ലാസ് വിദ്യാർഥി അഷിൻ ഗിരിഷിന്റെ പത്ത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വർളി പെയിന്റിങ്, വാട്ടർ കളർ, ചാർക്കോൾ എന്നീ മാധ്യമങ്ങളുപയോഗിച്ചാണ് അഷിൻ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. പാഠപുസ്തകങ്ങളിലൂടെ അറിഞ്ഞ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീന്റെ ചിത്രം പ്രദർശനത്തിലെ ശ്രദ്ധേയമാണ്. 
  ഒമ്പതാംക്ലാസ് വിദ്യാർഥിയായ ജിജോ കെ. ജോസഫിന്റെ ചിത്രമാണ് ശ്രദ്ധേയമായ മറ്റൊന്ന്‌. മെറ്റലിങ് ഗ്രോവിങ് രീതിയാണ് ജിജോ ഉപയോഗിച്ചിരിക്കുന്നത്. അലൂമിനിയം ഷീറ്റിൽ കറുത്ത പെയിന്റടിച്ച് രൂപപ്പെടുത്തുന്നതാണ് ചിത്രങ്ങൾ. കാർബൺപേപ്പർ ഉപയോഗിച്ച് പ്രതലത്തിൽ ചിത്രം വരയ്ക്കും. ഈ ചിത്രം പ്രത്യേക ഉപകരണമുപയോഗിച്ച് കൊത്തിയെടുക്കുന്നതാണ് രീതി. ഇത്തരത്തിൽ കുടവുമായിരിക്കുന്ന സ്ത്രീരൂപമാണ് ജിജോ കൊത്തിയെടുത്തിരിക്കുന്നത്. മൂന്ന് മണിക്കൂറാണ് ഒരുചിത്രം പൂർത്തീകരിക്കാൻ വേണ്ടത്. ഓയിൽ പെയിന്റിങ്ങും വാട്ടർകളറുമാണ് സാധാരണ ഉപയോഗിക്കാറ്. പ്രദർശനത്തിന്‌ വേണ്ടിയാണ് ഈ രീതി ഉപയോഗിച്ചതെന്ന് ജിജോ പറഞ്ഞു. 
ശില്പകറിൽ ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിലെ മറ്റൊരു ആകർഷണം. സിന്തറ്റിക് കളിമണ്ണ്‌ കൊണ്ടാണ് മനോഹരമായ ചിത്രങ്ങൾ വരച്ചിരിക്കുന്നത്. കോപ്പർ ഗോൾഡൻ പെയിന്റ് ഉപയോഗിച്ച് നിറം നൽകിയതിനാൽ കാഴ്ചക്കാരന് വ്യത്യസ്തമായ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്.
 ഏഴാംക്ലാസ് വിദ്യാർഥിനി അഷ്‌ന പൗലോസിന്റെ പ്ലാസ്റ്റിക് ക്രയോൺ ഉപയോഗിച്ചുള്ള ചിത്രമാണ് മറ്റൊരു പ്രത്യേകത. ക്രയോണുകൾ മെഴുക് തിരി ഉപയോഗിച്ച് ഉരുക്കിയാണ് ചിത്രം വരച്ചിരിക്കുന്നത്. ചാർക്കോളിൽ വരച്ചിരിക്കുന്ന പത്തോളം ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. നടൻമാരായ മോഹൻലാലും പ്രഭാസും പ്രദർശനത്തിൽ ഇടം നേടി. മഴയും പുഴയും കാടും മലയും പ്രകൃതിയും മൃഗങ്ങളും പക്ഷികളും കാൻവാസിൽ വരച്ചിട്ടുണ്ട്. വ്യത്യസ്തമായാണ് ഓരോ ചിത്രവും വിദ്യാർഥികൾ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പ്രദർശനം തെളിയിക്കുന്നു. 
 ഇത്തരം പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിലൂടെ മികച്ച കലാകാരന്മാരെയാണ് സമൂഹത്തിന് ലഭിക്കുന്നതെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്തശേഷം ചിത്രകാരൻ ദാമോദരൻ നമ്പിടി പറഞ്ഞു. സ്‌കൂൾ പ്രിൻസിപ്പൽ ജോസ് ജോസഫ് ആലുങ്കൽ, വൈസ് പ്രിൻസിപ്പൽ സുമചന്ദ്രൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജെയ്‌സൺ പള്ളിപ്പാട്ട്, അമൽ വടക്കൻ, ചിത്രകലാ അധ്യാപകൻ സി.എസ്. സജീവ് എന്നിവർ പങ്കെടുത്തു. രാവിലെ 10 മുതൽ വൈകീട്ട് ആറ്ു വരെ നടക്കുന്ന പ്രദർശനം നവംബർ രണ്ടിന് അവസാനിക്കും.