പ്രത്യക്ഷമായും പരോക്ഷമായുമുള്ള സഹായങ്ങളാണ് ലോട്ടറിവകുപ്പ് വിൽപ്പനക്കാർക്കായി ഏർപ്പെടുത്തുന്നത്. കേരള ലോട്ടറിയുടെ അൻപതാമാണ്ടിൽ പ്രഖ്യാപിച്ചതും നടപടി തുടങ്ങിയതുമായ പദ്ധതികളേറെ. ഇവയ്ക്കെല്ലാം തുടക്കം കുറിച്ചത് തൃശ്ശൂരിലും.

വിൽപ്പനക്കാർക്ക് യൂണിഫോം

ഇനി േലാട്ടറിവിൽപ്പനക്കാരെ യൂണിഫോമിൽ കാണാം. ഒരാൾക്ക് രണ്ടുയൂണിഫോം വീതമാണ് സൗജന്യമായി നൽകുക. കുടുംബശ്രീയാണ് നിർമാണം. ഒരുകോട്ടിന് 300 രൂപ ചെലവുണ്ട്. രണ്ടുകോട്ടും സൗജന്യമായാണ് നൽകുന്നത്. സംസ്ഥാനത്ത് ലോട്ടറി ക്ഷേമനിധിയുടെ കീഴിൽ 55,000 വിൽപ്പനക്കാരുണ്ട്. അവർക്കാണ് ആദ്യഘട്ടത്തിൽ നൽകുക. വിൽപ്പനക്കാർക്കായി പ്രത്യേകം നിർമിച്ച കോട്ടിന് രണ്ടുപോക്കറ്റുകളുണ്ട്. ഒന്ന് ലോട്ടറി സൂക്ഷിക്കാനും മറ്റൊന്ന് പണം സൂക്ഷിക്കാനും. കോട്ടിന്റെ പിൻഭാഗത്ത്  കേരള സംസ്ഥാന ഭാഗ്യക്കുറിവകുപ്പ് എന്ന് എഴുതിയിട്ടുണ്ടാകും. ഇത്തരമൊരു കുപ്പായം തങ്ങളുടെ ആത്മവിശ്വാസം വളർത്തുന്നതാണെന്ന് വിൽപ്പനക്കാർ പറയുന്നു. അംഗീകൃത വിൽപ്പനക്കാരെ തിരിച്ചറിയാനും വിൽപ്പന വർധിപ്പിക്കാനും നടപടികൊണ്ട് കഴിയുമെന്നാണ്  വകുപ്പിന്റെ വിലയിരുത്തൽ. അത് ശരിയാണെന്ന് വിൽപ്പനക്കാരും പറയുന്നു.
ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം

40 ശതമാനം ഭിന്നശേഷിയുള്ള ലോട്ടറിവിൽപ്പനക്കാർക്ക് ഇനി യാത്രയ്ക്കായി കഷ്ടപ്പെടേണ്ട. ഇവർക്കെല്ലാം ലോട്ടറിവകുപ്പ് മുച്ചക്രവാഹനം നൽകും. വെറും വാഹനമല്ല, ഒരുലക്ഷത്തോളം വിലയുള്ള മൂന്നുചക്ര സ്കൂട്ടറുകളാണ്. ഇവയിൽ ലോട്ടറിവിൽപ്പന സ്റ്റാൻഡും ബീച്ച് കുടകളുമുണ്ടാകും.  വാഹനമോടിച്ചെത്തി എവിടെ വേണമെങ്കിലും പാർക്കുചെയ്ത് വിൽപ്പന നടത്താം. വലിയ കുടയുള്ളതിനാൽ പൊരിവെയിലത്തും പെരുമഴയത്തും വിൽപ്പന പൊടിപൊടിക്കാം. ലോട്ടറിയും പണവും സൂക്ഷിക്കാനുള്ള പ്രത്യേക അറയും വഹനത്തിൽ ലഭ്യമാണ്. സംസ്ഥാനത്തെ അർഹരായ അപേക്ഷകർക്കെല്ലാം വാഹനം കൊടുക്കാനാണ് ലോട്ടറിവകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി അപേക്ഷ ക്ഷണിച്ചു. ഇപ്പോൾ ലഭ്യമായ അപേക്ഷപ്രകാരം നൂറുപേർക്കുള്ള വാഹനങ്ങൾ തയ്യാറാണ്.

വിദ്യാഭ്യാസ 
സ്കോളർഷിപ്പുകൾ

ലോട്ടറിവിൽപ്പനക്കാരുെട മക്കൾക്ക് നിലവിൽ കൊടുക്കുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പ് എല്ലാ വർഷവും തുടരാനുള്ള തീരുമാനത്തിലാണ് ലോട്ടറിവകുപ്പ്. ഇപ്പോൾ ലോട്ടറിവിൽപ്പനക്കാരുടെ മക്കൾക്ക് പ്ലസ് ടു മുതൽ എം.ബി.ബി.എസ്.വരെയുള്ള പ്രവേശനം കിട്ടിയാൽ തുടക്കത്തിൽ 10000 മുതൽ 25000 രൂപവരെയുള്ള സ്‌കോളർഷിപ്പ് തുടക്കത്തിൽ മാത്രം നൽകുമായിരുന്നു. ഇനിയിത് പഠനാവസാനംവരെ എല്ലാ വർഷവും തുടരാനാണ് വകുപ്പിന്റെ തീരുമാനം. സ്‌കോളർഷിപ്പ് തുക ഉയർത്താനും നീക്കമുണ്ട്. മക്കളെ പഠനത്തിൽ പ്രോത്സാഹിപ്പിക്കുന്നവരെ സഹായിക്കാനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. എന്നാൽ പഠിക്കുന്ന മക്കളെ ലോട്ടറിവിൽപ്പനയിലേക്ക് നയിക്കുന്നവർക്കെതിരേ നടപടിക്കും ലോട്ടറിവകുപ്പ് ലക്ഷ്യമിടുന്നു.

കലാ-കായിക മത്സരങ്ങൾ
 
ലോട്ടറിവിൽപ്പനക്കാരെയും ഏജന്റുമാരെയും ഉൾപ്പെടുത്തി അടുത്തവർഷംമുതൽ എല്ലാക്കൊല്ലവും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും മത്സരങ്ങൾ നടത്താനും ലോട്ടറിവകുപ്പ് തീരുമാനിച്ചു. ലോട്ടറിയുടെ അൻപതാണ്ട് ആഘോഷിച്ച ഇൗവർഷം സംസ്ഥാനവ്യാപകമായി നടത്തിയ കലാ-കായിക മത്സരങ്ങൾ വൻവിജയം കണ്ടതിനെത്തുടർന്നാണ് പുതിയ തീരുമാനം. ഇൗവർഷം ആദ്യമായി തുടങ്ങിയ മത്സരങ്ങളിൽ സംസ്ഥാനത്തെ മൂവായിരംപേർ പങ്കെടുത്തു. പദ്ധതി വൻ വിജയവുമായിരുന്നു. 
       ലോട്ടറിമേഖലയിലുള്ളവരുടെ കൂട്ടായ്മ ഉയർത്താനും ആത്മവിശ്വാസം വർധിപ്പിക്കാനും മത്സരങ്ങൾ ഉപകാരപ്പെട്ടെന്നു കണ്ടെത്തി. ജില്ലാ -സംസ്ഥാന േമളയിൽ ലോട്ടറിവിൽപ്പനക്കാരുടെ വൻ പങ്കാളിത്തമാണുണ്ടായിരുന്നത്. വിജയികൾക്ക് വിലകൂടിയ പാരിതോഷികത്തിനുപുറമേ സർട്ടിഫിക്കറ്റും സമ്മാനിച്ചത് അടുത്തവർഷത്തെ പങ്കാളിത്തം ഉറപ്പാക്കാനാണ്.

ഭിന്നശേഷിക്കാർക്കും മത്സരം

അടുത്തവർഷംമുതൽ ലോട്ടറി കലാ-കായികമേളയിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക മത്സരങ്ങളുണ്ടാകും. ധനമന്ത്രിയുടെ പ്രത്യേക നിർദ്ദേശം ഇക്കാര്യത്തിലുണ്ടായിട്ടുണ്ട്. ലോട്ടറിയുടെ അൻപതാമാണ്ട് പ്രമാണിച്ച് ഇക്കൊല്ലമാണ് ആദ്യമായി ലോട്ടറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കുമായി കലാ-കായികമത്സരങ്ങൾ നടത്തിയത്. 
    എന്നാൽ ഇതിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക മത്സരങ്ങളുണ്ടായിരുന്നില്ല. എന്നാൽ ലോട്ടറിവിൽപ്പനയിലുള്ള വലിയൊരു വിഭാഗം ഭിന്നശേഷിക്കാരായിരുന്നു. 
     അവർക്കൊന്നും ഇത്തവണത്തെ മത്സരത്തിൽ പങ്കെടുക്കാനായില്ല. അതിനാലാണ് അടുത്തവർഷംമുതൽ ഇവർക്കായി പ്രത്യേക മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഇവർക്കായി പ്രത്യേക മത്സരങ്ങളുണ്ടാകും.