തിരുവനന്തപുരം: ശ്രീവരാഹം പ്രദേശത്തെ റോഡുകള്‍ തകര്‍ന്നിട്ട് ഒരു വര്‍ഷം പിന്നിട്ടെങ്കിലും നന്നാക്കുന്ന കാര്യത്തില്‍ അധികൃതര്‍ക്ക് മൗനം. ആറ്റുകാല്‍ പൊങ്കാലയ്ക്കു മുന്‍പ്  തന്നെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കിത്തരാമെന്നു വാഗ്ദാനം  നല്‍കിയിരുന്നതാണ്. എന്നാല്‍  മുക്കോലയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയും കഴിഞ്ഞിട്ടും  റോഡ് ടാര്‍ ചെയ്തില്ല. ഈ റോഡിന്റെ പണി ഏറ്റെടുക്കാന്‍ ആരും തയ്യാറാകുന്നിലെന്നാണ് അധികൃതര്‍ പറയുന്നത്.

ശ്രീ ലക്ഷ്മീ വരാഹ ക്ഷേത്രത്തിലെ ഉത്സവത്തിന് മുമ്പെങ്കിലും റോഡ് നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.  ശ്രീവരാഹം അഴീക്കോട്ട മുതല്‍ ചേപ്പില്‍ ജംഗ്ഷന്‍ വരെയുള്ള റോഡിലൂടെയുള്ള യാത്ര വളരെ  ദുരിതമാണെന്നും ഇരുചക്ര വാഹനങ്ങളില്‍ നിന്നും വീഴുന്നവര്‍ നിരവധിയാണെന്നും നാട്ടുകാര്‍ പറയുന്നു.സവാരിക്കായി ഈ പ്രദേശത്തേക്ക്  ഒരു ഓട്ടോറിക്ഷാ വിളിച്ചാല്‍ പോലും വരില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.