Raji
രാജി

തിരുവല്ലം (തിരുവനന്തപുരം): തര്‍ക്കത്തിനിടെ അയല്‍വാസി എറിഞ്ഞ സിമന്റുകട്ട തലയില്‍ക്കൊണ്ട് സ്ത്രീ മരിച്ചു. തിരുവല്ലം തിരുവഴിമുക്ക് നിരപ്പില്‍ വീട്ടില്‍ ടി.സി.64/1650(1)ല്‍ ആര്‍. രാജി(40)യാണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. കഴിഞ്ഞ കുറച്ചുനാളായി അയല്‍വാസികളായ രാജിയും മേലെ നിരപ്പില്‍ വീട്ടില്‍ ഗിരീശനും (43) തമ്മില്‍ തര്‍ക്കം പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു. ഗിരീശന്റെ മകളെക്കുറിച്ച് രാജി മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചായിരുന്നു വഴക്ക്.

സംഭവദിവസം രാജിയുടെ ഭര്‍ത്താവ് ചന്ദ്രകുമാറിനോട്, രാജിയെ പറഞ്ഞുവിലക്കണമെന്ന് ഗിരീശന്‍ ആവശ്യപ്പെട്ടു. ഈ സമയം രാജിയുമായി ഗിരീശന്‍ വീണ്ടും തര്‍ക്കത്തിലായി. തുടര്‍ന്നാണ് ഗിരീശന്‍ രാജിയെ എറിഞ്ഞത്.

തലയ്ക്ക് പരിക്കേറ്റ രാജി ബോധരഹിതയായി. ആദ്യം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും രാത്രി 11.30-ഓടെ മരിച്ചു. ശനിയാഴ്ച പോസ്റ്റുമോര്‍ട്ടത്തിനുശേഷം പുളിങ്കുടിയിലുള്ള രാജിയുടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. കായംകുളം എന്‍.ടി.പി.സി.യിലെ സി.ഐ.എസ്.എഫ്. കോണ്‍സ്റ്റബിളാണ് ചന്ദ്രകുമാര്‍. മക്കള്‍: അതിഥി ചന്ദ്രന്‍, ചിന്മയി ചന്ദ്രന്‍.

ഗിരീശനെ അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തു