തിരുവനന്തപുരം: ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. മണക്കാട് ഭഗവതിവിലാസം ടി.സി. 41/1708ല്‍ രഞ്ജിത്തിന്റെ ഭാര്യ അജിത(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലോടെ ഇടപ്പഴഞ്ഞിയിലാണ് അപകടം. നേമത്തെ സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന അജിത വീട്ടിലേക്കു മടങ്ങവേയാണ് അപകടമുണ്ടായത്.

ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ലോറിയെ മറികടക്കവേ ബാലന്‍സ് തെറ്റി സ്‌കൂട്ടര്‍ മറിഞ്ഞു. ലോറിയുടെ പിന്‍ചക്രങ്ങള്‍ക്കടിയിലേക്കാണ് അജിത വീണത്. ചക്രങ്ങള്‍ക്കടിയില്‍പ്പെട്ട് ഇവര്‍ തത്ക്ഷണം മരിച്ചു. സ്‌കൂട്ടറിന്റെ റിയര്‍വ്യൂ മിററില്‍ ലോറിയുടെ പിന്‍ഭാഗം തട്ടിയതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.

പത്ത് ചക്രങ്ങളുള്ള മള്‍ട്ടി ആക്സില്‍ ലോറിയാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹനയാത്രക്കാരും മറ്റും ടയറിനടിയിലേക്കു വീഴുന്നത് ഒഴിവാക്കാന്‍ ലോറിയുടെ വശത്ത് പ്രത്യേക ഗ്രില്ല് (സെഡ് അണ്ടര്‍റണ്‍ െപ്രാട്ടക്ഷന്‍) ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. ഗ്രില്ലിനും ടയറിനും ഇടയ്ക്കുള്ള വിടവിലൂടെ അജിത ഏറ്റവും പിന്നിലുള്ള ചക്രത്തിനടിയില്‍പ്പെട്ടു. സ്‌കൂട്ടര്‍ റോഡിനു വശത്തേക്കു മറിഞ്ഞെങ്കിലും യാത്രക്കാരി സ്‌കൂട്ടറില്‍നിന്ന് ടയറിലേക്കു വീഴുകയായിരുന്നു.

കഴിഞ്ഞദിവസം വാങ്ങിയ പുതിയ സ്‌കൂട്ടറാണ് അപകടത്തില്‍പ്പെട്ടത്. അജിതയുടെ പേരിലുള്ള ലേണേഴ്സ് ലൈസന്‍സിന്റെ പകര്‍പ്പ് സ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.മ്യൂസിയം പോലീസ് കേസെടുത്തു.

Content Highlights: Scooter Lorry Accident, Accident Idappazhanji, Multi Axile Lorry Accident