വിതുര: മനോഹരമായ വിതുര താവയ്ക്കല്‍ വെള്ളച്ചാട്ടത്തില്‍ വിനോദസഞ്ചാര സാധ്യതകളേറെ. അതിവിസ്തൃതമായ ആറ്റുകടവും ഇരുവശത്തുള്ള മരക്കൂട്ടങ്ങളും വെള്ളച്ചാട്ടത്തെ കൂടുതല്‍ മനോഹരമാക്കുന്നു. വാമനപുരമാറ്റില്‍ ചന്തമുക്കിനടുത്തായാണ് താവയ്ക്കല്‍ കടവ്. ചന്തയിലേക്കുള്ള റോഡിലൂടെ അരക്കിലോമീറ്റര്‍ പോയാല്‍ ഇവിടെയെത്താം. കടവിനടുത്തായി അപ്പൂപ്പന്‍നട ക്ഷേത്രം. പ്രദേശത്തെ തന്നെ പഴയ ക്ഷേത്രങ്ങളിലൊന്നാണിത്. ആറ്റുവക്കത്തെ വന്‍മരത്തിന്റെ ചുവട്ടിലായുള്ള ഇവിടെ കുറവ സമുദായത്തിലെ കുടുംബദേവതയായിരുന്നു ആദ്യ ആരാധനമൂര്‍ത്തി. പിന്നീട് എല്ലാ വിഭാഗക്കാരും ഇവിടെ പൂജകള്‍ നടത്തിത്തുടങ്ങി. ഓരോ കര്‍ക്കടകവാവു ദിവസവും ആയിരങ്ങളാണ് ഇവിടെ ബലികര്‍മങ്ങള്‍ക്കായെത്തുന്നത്. ഇവിടേയ്ക്കുള്ള റോഡിന്റെ അവസ്ഥ മോശമാണ്. ചന്തമുക്കു മുതല്‍ റോഡ് ശോചനീയമാണ്. ടാറും  ചല്ലിയുമിളകിക്കിടക്കുന്നത് യാത്രയ്ക്കു തടസ്സമാകുന്നു.പലയിടത്തും വലിയ കുഴികളുണ്ടായി. ഇരുചക്രവാഹന യാത്ര പോലും ദുഷ്‌കരമായി. സാദ്ധ്യതകള്‍ കണ്ടെത്തി അനുയോജ്യമായ സാഹചര്യമൊരുക്കിയാല്‍ താവയ്ക്കലിനെ മികച്ച ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാം.