വിഴിഞ്ഞം: ലഹരിക്കടിമയായ യുവാവ് ഒരു വർഷം മുമ്പ് ആത്മഹത്യചെയ്തെന്നു കരുതിയ സംഭവം കുടുംബവഴക്കിനെ തുടർന്നുണ്ടായ കൊലപാതകമെന്നു തെളിഞ്ഞു. വിഴിഞ്ഞം കല്ലുവെട്ടാൻകുഴി പ്ലാങ്കാല വീട്ടിൽ സിദ്ദിഖ്(20) ആണ് കൊല്ലപ്പെട്ടതെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ അമ്മ നാദിറയെ(43) വിഴിഞ്ഞം പോലീസ് വെള്ളിയാഴ്ച വൈകീട്ടോടെ അറസ്റ്റുചെയ്തു.

2020 സെപ്റ്റംബർ 14-നായിരുന്നു സിദ്ദിഖിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ലഹരിക്കടിമയായ ഇയാൾ അമ്മയെയും ഇളയ സഹോദരിയെയും മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതുസംബന്ധിച്ച് അമ്മ നാദിറ പോലീസിൽ പരാതിയും നൽകിയിരുന്നു.

സംഭവദിവസം സിദ്ദിഖ്, സഹോദരിയെ ശാരീരികമായി ഉപദ്രവിച്ചത് നാദിറയെത്തി തടഞ്ഞു. ഉപദ്രവം തുടർന്നപ്പോൾ നാദിറ, സിദ്ദിഖിന്റെ കഴുത്തിനു പിടിച്ച് ചുമരിനോടു ചേർത്തുവെച്ചു. പിടിവലിക്കിടയിൽ സിദ്ദിഖിന്റെ കഴുത്തിനു സാരമായ പരിക്കേറ്റ് കുഴഞ്ഞുവീണു. തുടർന്ന് മുറിക്കകത്തുണ്ടായിരുന്ന ഷോളെടുത്ത് സിദ്ദിഖിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പോലീസിനു മൊഴിനൽകി.

തൂങ്ങിമരിച്ചുവെന്നായിരുന്നു പോലീസിനു ലഭിച്ച ആദ്യം വിവരം. മൃതദേഹം ശരീരശുദ്ധിവരുത്തി തിടുക്കത്തിൽ സംസ്‌കരിക്കാനായിരുന്നു സിദ്ദിഖിന്റെ ബന്ധുക്കൾ ശ്രമിച്ചത്.

പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മൃതദേഹം മെഡിക്കൽ കോളേജിലെത്തിച്ച് പോസ്റ്റുേമാർട്ടം നടത്തിയിരുന്നു. ശരീരത്തിൽ 28 മുറിവുകളുണ്ടായിരുന്നതായി പോസ്റ്റുേമാർട്ടം ചെയ്ത ഡോക്ടർ അറിയിച്ചിരുന്നു.

കഴുത്തിൽ മാത്രം നഖമേറ്റുണ്ടായ 21 മുറിവുകളും കഴുത്തിലെ ഇരുവശത്തുമുള്ള എല്ലുകൾക്ക് പൊട്ടലുമുള്ളതായി പോസ്റ്റുേമാർട്ടത്തിൽ തെളിഞ്ഞിരുന്നുവെന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി പറഞ്ഞു.

ഇതേത്തുടർന്ന് മാസങ്ങളോളം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് തൂങ്ങിമരണം കൊലപാതകമെന്നു തെളിഞ്ഞത്.

Content highlights: truth unfolds after one year in death of a man at trivandrum