പ്രായപൂര്‍ത്തി വോട്ടവകാശത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭക്കും മന്ത്രിസഭയ്ക്കും അധികാരം കൈമാറുക എന്ന ആവശ്യവുമായി ആരംഭിച്ച ഉത്തരവാദ പ്രക്ഷോഭണം തിരുവിതാംകൂര്‍ ചരിത്രത്തിലെ പ്രധാന അധ്യായമാണ്. അതിന് നേതൃത്വം നല്‍കിയ 'തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്' പിറന്നുവീണത് തന്നെ പുളിമൂട്ടില്‍ ഇന്നത്തെ ജി.പി.ഒ.ക്ക് എതിരെ ഉണ്ടായിരുന്ന രാഷ്ട്രീയ ഹോട്ടലില്‍ ആയിരുന്നു. അതിന്റെ രണ്ടാം നിലയിലായിരുന്നു പ്രധാന വക്കീലന്മാരുടെ ഓഫീസ്.
വക്കീലന്മാരുടെയും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ആരംഭിച്ച സ്റ്റേറ്റ് കോണ്‍ഗ്രസും അതിനെ അടിച്ചമര്‍ത്താന്‍ നടപടി സ്വീകരിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ ഇംഗിതത്തിന് ഒത്തുതുള്ളിയ ഒരു വിഭാഗം ന്യായാധിപന്മാരും തമ്മിലുള്ള ഉരസല്‍ പിന്നീട് രൂക്ഷമായി. ഇതെല്ലാം അവസാനം എത്തിയത് ഒരു ചീഫ് ജസ്റ്റിസിന്റെ ഒളിച്ചോട്ടത്തിലാണ്.
സി.പി.ക്കുനേരെ നടന്ന വധശ്രമം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതേദിവസം തിരുവിതാംകൂര്‍ ചീഫ് ജസ്റ്റിസ് ജന്മനാട്ടിലേക്ക് ഒളിച്ചോടുകയും പിന്നീട് രാജി സമര്‍പ്പിക്കുകയും ചെയ്ത സംഭവം പലര്‍ക്കും അറിയില്ല. ഈ സംഭവങ്ങള്‍ക്ക് എല്ലാം സാക്ഷിയാണ് നൂറ്റിരണ്ടുകാരനായ അഡ്വ. കെ. അയ്യപ്പന്‍പിള്ള.
അന്നും തിരുവിതാംകൂര്‍ ഹൈക്കോടതി പ്രവര്‍ത്തിച്ചിരുന്നത് ഇന്ന് വഞ്ചിയൂരിലുള്ള മനോഹരമായ കെട്ടിടത്തില്‍ തന്നെയാണ്. മുമ്പ് അത് എസ്.എം.വി. ഹൈസ്‌കൂളായിരുന്നു. അതിനുവേണ്ടിയാണ് ആ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ എസ്.എം.വി. സ്‌കൂള്‍ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി.
സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ സെക്രട്ടേറിയറ്റിനുള്ളില്‍ ഉണ്ടായിരുന്ന ഹൈക്കോടതിയും ആയുര്‍വേദ കോളേജ് സ്ഥിതിചെയ്യുന്ന ഭാഗത്ത് ഉണ്ടായിരുന്ന ജില്ലാ കോടതിയും മറ്റ് കോടതികളുമെല്ലാം വഞ്ചിയൂരിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. അതോടെ, കോടതികള്‍ ഒരു കെട്ടിടസമുച്ചയത്തിലായി. ഇവിടെയാണ് സി.പി.യെ അനുകൂലിച്ച ന്യായാധിപന്മാരും ഉത്തരവാദ ഭരണത്തെ അനുകൂലിച്ച അഭിഭാഷകരും തമ്മിലുള്ള ഉരസല്‍ പലപ്പോഴും രൂക്ഷമായത്.
അവസാനത്തെ വൈസ്‌റോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ വരവോടുകൂടി സര്‍ സി.പി. രാമസ്വാമി അയ്യര്‍ 'സ്വതന്ത്ര തിരുവിതാംകൂര്‍ വാദം' ശക്തിപ്പെടുത്തി. ഇന്ത്യയിലും പാകിസ്താനിലും ചേരാതെ ഒരു സ്വതന്ത്രരാജ്യമായി തിരുവിതാംകൂര്‍ നിലനില്‍ക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തി. സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി സി.പി.യെ അനുകൂലിക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും പ്രചാരണം തുടങ്ങി. ഇതിന്റെ ഭാഗമായി വി.ജെ.ടി. ഹാളില്‍ നടന്ന സ്വതന്ത്ര തിരുവിതാംകൂര്‍ അനുകൂല സമ്മേളനം ബഹളത്തിലും അടിപിടിയിലും കലാശിച്ചു. ഒടുവില്‍ ഭാരവാഹികള്‍ക്ക് സമ്മേളനം പിരിച്ചുവിടേണ്ടിവന്നു. ഈ സംഭവത്തോടെ സി.പി.യുടെ വാശി കൂടി.
തിരുവിതാംകൂറില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചു. ജില്ലാ മജിസ്‌ട്രേട്ടുമാരുടെ അനുമതി കൂടാതെ തിരുവിതാംകൂറിലൊരിടത്തും പൊതുയോഗങ്ങള്‍ കൂടാന്‍ പാടില്ലെന്ന കല്പന വന്നു. കോളേജുകള്‍ക്ക് അവധി നല്‍കി. ഈ സംഭവത്തിന് മുമ്പുതന്നെ പേട്ടയില്‍ പൊതുയോഗം കൂടാന്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. നിരോധന ഉത്തരവ് വകവയ്ക്കാതെ ജൂലായ് 13ന്റെ യോഗവുമായി മുന്നോട്ടുപോകാനായിരുന്നു നേതാക്കളുടെ തീരുമാനം. പേട്ട കാഞ്ഞിരവിളാകം മൈതാനത്ത് നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം സി.പി. അനുകൂലികളും പോലീസും ചേര്‍ന്ന് അലങ്കോലപ്പെടുത്തി.
പിന്നീടുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. പതിനാല് വയസുണ്ടായിരുന്ന രാജേന്ദ്രന്‍ എന്ന വിദ്യാര്‍ഥിയുടെ തലയ്ക്ക് വെടിയേറ്റു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് രാജേന്ദ്രന്‍ മരിച്ചത്. പേട്ട സംഭവത്തില്‍ ഹൈക്കോടതി ലൈബ്രറിയില്‍ കൂടിയ അഡ്വക്കേറ്റുമാരുടെ യോഗം പ്രതിഷേധിച്ചു. ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് ടി.എം. കൃഷ്ണസ്വാമി അയ്യര്‍ ലൈബ്രറി ഹാള്‍ പൂട്ടിയിടാന്‍ തീരുമാനിച്ചു. ഇതോടെ ലൈബ്രറി ഹാള്‍ തുറക്കാനുള്ള സമരം വക്കീലന്മാര്‍ തുടങ്ങി. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പിന് ബാര്‍ അസോസിയേഷന്‍ രംഗത്തെത്തി.
ബാര്‍ അസോസിയേഷനും അഡ്വക്കേറ്റ് അസോസിയേഷനും സംയുക്ത യോഗം കൂടി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. േഗാപാലപിള്ള അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.പി. ഇബ്രഹാം പ്രമേയം അവതരിപ്പിച്ചു. രണ്ട് അസോസിയേഷനുംകൂടി ഇങ്ങനെ സംയുക്തയോഗം കൂടുന്നത് ശരിയല്ലെന്ന് തൈക്കാട് സുബ്രഹ്മണ്യ അയ്യരും സംഘവും തടസവാദം ഉന്നയിച്ചു. വാദപ്രതിവാദങ്ങള്‍ക്കിടയില്‍ അവരുടെ പ്രമേയം വോട്ടിനിട്ട് തള്ളി. രണ്ട് അസോസിയേഷനുകളും ചേര്‍ന്ന് സംയുക്ത കമ്മിറ്റി ഉണ്ടാക്കാനും അവരുടെ നേതൃത്വത്തില്‍ ചീഫ് ജസ്റ്റിസിനെതിരെ മഹാരാജാവിന് നിവേദനം നല്‍കാനുമായിരുന്നു ഭൂരിപക്ഷത്തോടെ യോഗം പാസാക്കിയ പ്രമേയം. ഇതിനുവേണ്ടി ഒരു കമ്മിറ്റിയും രൂപവത്കരിച്ചു.
മഹാരാജാവിന് നിവേദനം നല്‍കാനുള്ള നടപടികള്‍ തുടരുന്നതിനിടയിലാണ് ജൂലായ് 25ന് സര്‍ സി.പി.ക്ക് വെട്ടേറ്റത്. ഈ സംഭവം അറിഞ്ഞതോടെ ചീഫ് ജസ്റ്റിസ് ടി.എം. കൃഷ്ണസ്വാമി അയ്യര്‍ രഹസ്യമായി തിരുവനന്തപുരം വിട്ട് നാട്ടിലേക്ക് പോയി. തുടര്‍ന്ന് ജസ്റ്റിസ് ശങ്കരസുബ്ബയ്യ ചീഫ് ജസ്റ്റിസായി ചാര്‍ജെടുത്തതായി െക. അയ്യപ്പന്‍പിള്ള പറഞ്ഞു.