പോത്തന്‍കോട്: 'എന്റെ സ്വദേശം കേരളത്തിലാണ്. ഞാന്‍ എങ്ങനെ ഇവിടെ എത്തി എന്നറിയില്ല, തിരിച്ചു നാട്ടിലേക്കു കൊണ്ടുപോകാമോ'- ശാന്തകുമാരിയുടെ ഈ ആവശ്യം സുലക്ഷണ ഏറ്റെടുത്തു.

അങ്ങനെ പത്തുവര്‍ഷം മുന്‍പ് കാണാതായ സ്ത്രീ തിരിച്ച് പോത്തന്‍കോട്ടെ വീട്ടിലെത്തി. മഹാരാഷ്ട്രയിലുള്ള ശ്രദ്ധ പുനരധിവാസ സംഘടന ഇടപെട്ടാണ് അവരെ വീട്ടിലെത്തിച്ചത്. അതിനു നേതൃത്വം നല്‍കിയതാകട്ടെ സാമൂഹിക പ്രവര്‍ത്തക സുലക്ഷണയും. 2011 ജൂലായ് 20-നാണ് ഞാണ്ടൂര്‍ക്കോണം കൊടിക്കുന്നില്‍ തടത്തരികത്തുവീട്ടില്‍ ശാന്തകുമാരി(59)യെ വീട്ടില്‍നിന്നു കാണാതായത്.

മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ഇവര്‍ ആദ്യം ഒഡിഷയിലാണ് എത്തിയത്. ഇവരെ ഒഡിഷ തെരുവില്‍നിന്ന് ആസിയ മിഷന്‍ എന്ന സംഘടന കണ്ടെത്തി. തുടര്‍ന്നാണ് ശ്രദ്ധ സെന്ററിലേക്കു മാറ്റിയത്.

അവിടത്തെ ചികിത്സയ്ക്കുശേഷം ശാന്തകുമാരി സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നു. തുടര്‍ന്നാണ് പോത്തന്‍കോട് ഭാഗത്തുനിന്നാണ് ഞാന്‍ വരുന്നതെന്ന് സംഘടനാഭാരവാഹിയായ സുലക്ഷണയെ അറിയിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെ ശാന്തകുമാരിയെ പോത്തന്‍കോട് സ്റ്റേഷനില്‍ എത്തിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കുശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജാരാക്കിയ അവരെ സഹോദരന്‍ ജോര്‍ജിനും സഹോദരി സുശീലയ്ക്കുമൊപ്പം വീട്ടിലേക്ക് അയച്ചു. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയിരുന്നു.

ഏക മകള്‍ പന്ത്രണ്ടുവര്‍ഷം മുന്‍പ് തീവണ്ടിയില്‍നിന്നു വീണു മരിച്ചു. ശാന്തകുമാരിയെ നാട്ടിലെത്തിച്ച സുലക്ഷണയെ എസ്.ഐ. വിനോദ് വിക്രമാദിത്യന്റെ നേതൃത്വത്തില്‍ ആദരിച്ചു.