കുഴിത്തുറ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി അറസ്റ്റില്‍. പേച്ചിപ്പാറയ്ക്കു സമീപം മണലോട സ്വദേശി ശേഖര്‍(47)ആണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. 

നല്ലൂര്‍ സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് മാര്‍ത്താണ്ഡം വനിതാ പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കാന്‍ പൂജ നടത്തിയ ശേഖര്‍, വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ അനുജത്തിക്കു ദോഷം സംഭവിക്കുമെന്നും ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനിയെ വയറുവേദനയ്ക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് ഏഴുമാസ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് ശേഖര്‍ പീഡിപ്പിച്ച വിവരം വിദ്യാര്‍ഥിനി പറഞ്ഞത്.