തിരുവല്ലം: പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. കോളിയൂര്‍ കൈലിപ്പാറ കോളനി സ്വദേശി പ്രകാശിനെ (23) യാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞ നവംബര്‍ 12-നായിരുന്നു കോളിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ കഴക്കൂട്ടത്ത് നിന്ന് ഇയാള്‍ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കട്ടപ്പനയിലെ കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു.

തുടര്‍ന്ന് തമിഴ്നാട്ടിലെ തേനി, തിരുനെല്‍വേലി, നാഗര്‍ കോവില്‍ എന്നിവിടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. നാഗര്‍കോവിലില്‍ നിന്ന് തമിഴ്നാട്ടിലെ കലിംഗരാജപുരത്ത് കടക്കവെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ഇയാള്‍ക്കെതിരേ മോഷണം, വധശ്രമം, കഞ്ചാവ് വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട് കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.

തിരുവല്ലം ഇന്‍സ്പെക്ടര്‍ സുരേഷ് വി.നായര്‍, എസ്.ഐ. മാരായ ബിപിന്‍ പ്രകാശ്, വൈശാഖ്, മനോഹരന്‍, സി.പി.ഒ. മാരായ ഷിജു, വിനയകുമാര്‍, രാജീവ്, രാജീവ് കുമാര്‍, രമ, പ്രീജ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.