തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് സംസ്ഥാനത്തിന്റെ ആദരം. ടാഗോര്‍ സെന്റിനറി ഹാളില്‍ സംസ്ഥാന സര്‍ക്കാരും നഗരസഭയും ചേര്‍ന്ന് ഒരുക്കിയ സ്വീകരണത്തില്‍ രാഷ്ട്രീയ, സാമൂഹികരംഗങ്ങളിലെ പ്രമുഖര്‍ പങ്കുചേര്‍ന്നു.

കേരളത്തെയും കേരളീയരെയും വാനോളം പുകഴ്ത്തി രാഷ്ട്രപതി സദസ്യരെ കൈയിലെടുത്തു. ഇവിടെ കിട്ടിയ ഊഷ്മളമായ സ്വീകരണമേറ്റുവാങ്ങുമ്പോള്‍ എന്റെ സ്വന്തം നാട്ടിലെത്തിയ തോന്നലാണെന്ന് അദ്ദേഹം പറഞ്ഞു.

''സഹോദരീ, സഹോദരന്മാരേ, നിങ്ങള്‍ക്ക് എന്റെ നമസ്‌കാരം'' എന്ന് മലയാളത്തില്‍ പ്രസംഗം തുടങ്ങിയശേഷം ഉത്തര്‍പ്രദേശുകാരനായ താന്‍ മലയാളം പറഞ്ഞതിന് ഒരുകാരണമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും ഉള്‍ക്കൊള്ളാന്‍ മാതൃഭാഷതന്നെ വേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തിരുവനന്തപുരത്ത് ടെക്‌നോസിറ്റി തറക്കല്ലിടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ക്ഷണിച്ചപ്പോള്‍ പൗരസ്വീകരണം കൂടി ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു. പൗരസ്വീകരണം ഒഴിവാക്കു, ടെക്‌നോ സിറ്റിയുടെ ചടങ്ങിന് എത്താമെന്നായിരുന്നു തന്റെ മറുപടി. എന്നാല്‍, പൗരസ്വീകരണം ഏറ്റുവാങ്ങിയില്ലെങ്കില്‍ ടെക്‌നോസിറ്റി ഉദ്ഘാടനം ചെയ്യാനെത്തേണ്ടെന്ന് മുഖ്യമന്ത്രിയും വാശിപിടിച്ചു. സ്‌നേഹത്തോടെയുള്ള ഈ നിര്‍ബന്ധത്തിന് തനിക്ക് വഴങ്ങേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതിഭവനില്‍ തന്റെ മുന്‍ഗാമിയായ കെ.ആര്‍. നാരായണന്റെ ഛായാചിത്രത്തിനു മുന്നില്‍ പ്രണാമമര്‍പ്പിച്ചാണ് താന്‍ കേരളത്തിലേക്ക് തിരിച്ചത്. ശങ്കരാചാര്യര്‍, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ ആത്മീയനേതാക്കളുടെയും നാടാണ് കേരളം എന്നതില്‍ അഭിമാനിക്കാം. ദീര്‍ഘകാലം സുപ്രീംകോടതിയില്‍ അഭിഭാഷകനായിരുന്ന രാഷ്ട്രപതിയെ ജഡ്ജിയായിരുന്ന വേളയില്‍ തനിക്ക് പരിചയപ്പെടാനവസരമുണ്ടായില്ലെന്ന് ഗവര്‍ണര്‍ പി. സദാശിവം ആശംസാപ്രസംഗത്തില്‍ ഓര്‍മിപ്പിച്ചു.

സംസ്ഥാനത്തിന്റെ ഉപഹാരമായി ചീനവലയുടെ മാതൃക പിണറായി വിജയനും നഗരസഭയുടെ ഉപഹാരമായി തിരുവിതാംകൂറിന്റെ രാജമുദ്രയായ ശംഖിന്റെ മാതൃക മേയര്‍ വി.കെ. പ്രശാന്തും കൈമാറി. ജില്ലാ കളക്ടര്‍ കെ.വാസുകി കഥകളിശില്പവും സമ്മാനിച്ചു.

സ്​പീക്കര്‍ കെ.ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ.സി.മൊയ്തീന്‍, ടി.പി.രാമകൃഷ്ണന്‍, സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍, എം.എല്‍.എ.മാരായ വി.എസ്.ശിവകുമാര്‍, ഒ.രാജഗോപാല്‍, ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം, നഗരസഭാ കൗണ്‍സിലര്‍മാര്‍, ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം, സൈനിക, പോലീസ് മേധാവികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ തുടങ്ങിയവരും പങ്കെടുത്തു.

കേരളത്തിന്റെ മതസൗഹാര്‍ദം പ്രകീര്‍ത്തിച്ചത് പിന്തുണയായെന്ന് പിണറായി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആദ്യസന്ദര്‍ശനത്തില്‍ അമൃതാനന്ദമയി മഠത്തില്‍ നടത്തിയ പ്രസംഗത്തില്‍ കേരളത്തിലെ മതസൗഹാര്‍ദം പ്രകീര്‍ത്തിച്ചത് നമുക്ക് പിന്തുണയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും നാടായ കേരളത്തിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതായും രാഷ്ടപതിക്ക് നല്കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു.

ആദ്യ സന്ദര്‍ശനവേളയില്‍ കേരളത്തെക്കുറിച്ച് രാഷ്ട്രപതി പറഞ്ഞ നല്ല വാക്കുകള്‍ക്ക് കേരളീയര്‍ എക്കാലവും കടപ്പെട്ടിരിക്കുമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു.
 
പ്രസംഗത്തിനുമുമ്പ് നന്ദിപ്രകടനം; ചടങ്ങിന്റെ രീതിമാറ്റി രാഷ്ട്രപതി

രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുന്‍പ് കൃതജ്ഞത പറയുന്ന രീതിയില്‍ താന്‍ പങ്കെടുക്കുന്ന ചടങ്ങുകളുടെ ക്രമം മാറ്റിയെന്ന് രാംനാഥ് കോവിന്ദ്. ടെക്‌നോസിറ്റിക്ക് തറക്കല്ലിടുന്ന ചടങ്ങും വൈകീട്ട് ടാഗോര്‍ ഹാളില്‍ നടന്ന പൗരസ്വീകരണവും ഇത്തരത്തിലായിരുന്നു ക്രമീകരിച്ചത്.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് മുന്നോടിയായി ഗവര്‍ണറും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ പ്രസംഗിച്ചതോടെ സദസ്യര്‍ക്ക് ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം കൃതജ്ഞത രേഖപ്പെടുത്തി.

പിന്നീട് മറുപടിപ്രസംഗത്തിനെത്തിയ രാഷ്ട്രപതി തന്നെയാണ് ചടങ്ങിന്റെ ക്രമം മാറ്റിയവിവരം പറഞ്ഞത്.

''രാഷ്ട്രപതിയായശേഷം ഔദ്യോഗിക ചടങ്ങുകളുടെ നടത്തിപ്പ് സംബന്ധിച്ച് പലരില്‍ നിന്നും രാഷ്ട്രപതിഭവന് നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ കിട്ടിയ ഒന്ന്, സാധാരണ വിശിഷ്ടാതിഥി പ്രസംഗിച്ചശേഷം നന്ദിപ്രകടനത്തിന് കാത്തുനില്‍ക്കാതെ ആളുകള്‍ ഇറങ്ങിപ്പോകുന്ന പതിവുണ്ട്. ഇത് സംഭവിക്കാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണം എന്നായിരുന്നു. അങ്ങനെയുള്ള ആലോചനയിലാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങുകളില്‍ വിശിഷ്ടാതിഥി സംസാരിക്കുന്നതിന് മുമ്പ് നന്ദിപ്രകടനം ക്രമീകരിക്കാന്‍ തീരുമാനിച്ചത്.