കല്ലമ്പലം: ഒറ്റൂര്‍ പഞ്ചായത്തിലെ പ്ലാസ്റ്റിക് സംഭരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. പഞ്ചായത്തില്‍ പ്ലാസ്റ്റിക് സംഭരണ കേന്ദ്രം തുടങ്ങിയെങ്കിലും അത് എങ്ങുമെത്താത്ത അവസ്ഥയാണ്. പദ്ധതിയിലെ നിര്‍വഹണ പാളിച്ചയാണ് പ്രതിസന്ധിക്ക് കാരണം.

കെട്ടിടം കെട്ടി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചെങ്കിലും തുടര്‍നടപടികളില്ല. പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാന്‍ ഉദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്. വീടുകളിലെയും സ്ഥാപനങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സംഭരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

രണ്ടുവര്‍ഷത്തോളമായി പ്ലാസ്റ്റിക് സംഭരണ യൂണിറ്റ് തുടങ്ങിയിട്ട്. പതിമൂന്ന് വാര്‍ഡുകളുള്ള ഒറ്റൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ രണ്ടുപേര്‍ എന്ന കണക്കില്‍ ഹരിത കര്‍മസേനയുണ്ടാക്കി പ്രവര്‍ത്തനം ആരംഭിച്ചു. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കഴുകി ഉണക്കി വീടുകളിലും സ്ഥാപനങ്ങളിലും ശേഖരിച്ചു വെയ്ക്കണം. ഇവ കൃത്യമായ ഇടവേളകളില്‍ സേന സംഭരിക്കും. മിഠായിത്തൊലി, പാല്‍ കവര്‍ ഉള്‍പ്പെടെ വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ച് സംഭരണ കേന്ദ്രത്തിലേക്ക് മാറ്റും. ഒരു വീട്ടില്‍ നിന്ന് 30 രൂപയാണ് ഇതിനായി വാങ്ങുന്നത്.

സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എടുക്കാന്‍ ആളില്ലാതെ വന്നതോടെ ഉദ്ദേശിച്ച ഫലമില്ലാതായി. സര്‍ക്കാര്‍ സംവിധാനമായ ഗ്രീന്‍ കേരള മിഷന്‍ ഉണ്ടെങ്കിലും ഇതുവരെയും പ്രാവര്‍ത്തികമായില്ല.

പഞ്ചായത്ത് മുന്‍കൈയെടുത്ത് മാലിന്യം പാഴ്വസ്തു വ്യാപാരികള്‍ക്ക് നല്‍കി. പിന്നീട് അവരും ഏറ്റെടുക്കാതായതോടെ മാലിന്യം കുന്നുകൂടി. 2019- 20 കാലയളവില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് പഞ്ചായത്ത് നാല് ലക്ഷം രൂപ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് പൊടിച്ച് പുനരുപയോഗത്തിനായി കൈമാറുന്ന യൂണിറ്റ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തില്‍ ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഒന്നുമായില്ല. അതുകൊണ്ട് ഒറ്റൂര്‍ പഞ്ചായത്ത് സംഭരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങോട്ടുകൊണ്ടു പോകുമെന്നറിയാതെ അനിശ്ചിതത്വത്തിലാണ്.

Content Highlights: Plastic Storage Center Ottur, Plastic Storage Facility in Crisis