തിരുവനന്തപുരം: കാറോടിക്കുമ്പോള്‍ ഹെല്‍മെറ്റ് വയ്ക്കണോ? പിഴയടയ്ക്കാനുള്ള പോലീസ് നോട്ടീസ് കൈയില്‍ പിടിച്ച് രജനീകാന്ത് അന്തംവിട്ടു. ഹെല്‍മെറ്റില്ലാത്തയാളെ പിന്‍സീറ്റിലിരുത്തി വാഹനമോടിച്ചതായി കണ്‍ട്രോള്‍ റൂമില്‍ വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും അതിനാല്‍ 500 രൂപ പിഴയൊടുക്കണമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടീസാണ് കെ.എല്‍.21 എല്‍. 0147 എന്ന നമ്പരുള്ള കാറിന്റെ ഉടമയായ വെമ്പായം സ്വദേശി രജനീകാന്തിനു ലഭിച്ചത്.

കഴിഞ്ഞ എട്ടിന് ശ്രീകാര്യം ചെക്കാലമുക്ക് റോഡില്‍ വെച്ചുള്ള നിയമലംഘനമെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നോട്ടീസ് ഇദ്ദേഹത്തിന് കിട്ടിയത്. കാറിന്റെ നമ്പരും ഹെല്‍മെറ്റ് ധരിച്ചില്ല എന്ന കാരണവും കൃത്യമായി രേഖപ്പെടുത്തിയതാണ് പിഴ നോട്ടീസ്. നോട്ടീസില്‍ പറയുന്ന സമയത്ത് ഇദ്ദേഹം ഇതുവഴി കടന്നുപോവുകയും ചെയ്തിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം നേരിട്ടോ ഒപ്പമുള്ള ചെല്ലാന്‍ വഴി ഏതെങ്കിലും എസ്.ബി.ഐ. ബ്രാഞ്ചിലോ ഫൈന്‍ അടയ്ക്കണം എന്നാണ് നോട്ടീസില്‍ പറയുന്നത്. അല്ലെങ്കില്‍ കോടതി വഴി നിയമനടപടി നേരിടേണ്ടിവരുമെന്നും താക്കീതുണ്ട്. വിശദീകരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം നേരിട്ടെത്തി ബോധിപ്പിക്കണമെന്നും നോട്ടീസില്‍ പറയുന്നു.

കണ്‍ട്രോള്‍ റൂമില്‍ രജനീകാന്ത് പരാതി അറിയിച്ചപ്പോള്‍ 'ഡിജിറ്റല്‍ നമ്പര്‍ മാറിപ്പോയതാണ്' എന്നായിരുന്നു മറുപടി. പിഴ ഒടുക്കേണ്ടെന്നും നോട്ടീസ് കീറി കളഞ്ഞേക്കാനും പോലീസ് തന്നെ പറഞ്ഞു.