പെരുങ്കടവിള: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലായി സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റുകള്‍ വൈദ്യുതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങാനാകുന്നില്ല. വെള്ളറട, കുന്നത്തുകാല്‍, ആര്യങ്കോട്, ഒറ്റശേഖരമംഗലം, അമ്പൂരി, കള്ളിക്കാട്, കൊല്ലയില്‍, പെരുങ്കടവിള എന്നീ പഞ്ചായത്തുകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ച് സംസ്‌കരിക്കുകയാണ് ലക്ഷ്യം.

മണ്ഡപത്തിന്‍കടവ് ചന്തയ്ക്കുള്ളിലും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിലുമാണ് യൂണിറ്റുകള്‍ സ്ഥാപിച്ചത്. ഒരുവര്‍ഷം മുന്‍പ് 19 ലക്ഷം രൂപ െചലവഴിച്ചാണ് യന്ത്രങ്ങള്‍ വാങ്ങിയത്. ഗ്രീന്‍കേരള പദ്ധതി പ്രകാരമായിരുന്നു ഇത്.

ഇരുയൂണിറ്റുകളിലും വയറിങ് പൂര്‍ത്തിയാക്കിയിട്ട് നാളേറെയായി. അപേക്ഷ നല്‍കിയെങ്കിലും വൈദ്യുതി കണക്ഷന്‍ ലഭിച്ചില്ല. പ്ലാസ്റ്റിക് സംഭരണത്തിന് കെട്ടിടം നിര്‍മിക്കാന്‍ 10 ലക്ഷം രൂപയും അനുവദിച്ചു. ദര്‍ഘാസും നല്‍കി.

മണ്ഡപത്തിന്‍കടവ് ചന്തയ്ക്കുള്ളിലെ യൂണിറ്റിന് വൈദ്യുതി കണക്ഷന്‍ നിഷേധിച്ചത് കെട്ടിടത്തിന് സമീപത്തുകൂടി 11 കെ.വി.ലൈന്‍ പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്. വീടുകളില്‍നിന്ന് കുടുംബശ്രീ മുഖേന മാസത്തിലൊരിക്കല്‍ പ്ലാസ്റ്റിക് ശേഖരിക്കാനാണ് പദ്ധതി. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങള്‍ മുഖേന ഷ്രെഡ്ഡിങ് യൂണിറ്റിലെത്തിക്കും.

ചെറുകഷണങ്ങളാക്കി ഇവ പുനരുപയോഗിക്കുകയാണ് ലക്ഷ്യം.

Cntent Highlights: Plastic Shredding Unit Perunkadavila, No Electricity in Shredding Unit, Plastic Waste