തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ രേണുരാജിനെ അധിക്ഷേപിച്ച എസ്.രാജേന്ദ്രൻ എം.എൽ.എ. രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ എം.എൽ.എ. ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി. പാളയം രക്തസാക്ഷിമണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് എം.എൽ.എ. ഹോസ്റ്റലിനു മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ എം.എൽ.എ.യുടെ കോലം കത്തിച്ചു.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ മാർച്ച് ഉദ്ഘാടനം ചെയ്തു. രേണുരാജിനുണ്ടായ അപമാനം കേരള മനഃസാക്ഷിക്കേറ്റ മുറിവാണ്. ഇതിലൂടെ സി.പി.എമ്മിന്റെ സ്ത്രീവിരുദ്ധതയാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കു കൂട്ടുനിൽക്കാത്ത സബ് കളക്ടർമാരെ മൂന്നു മാസത്തിൽ കൂടുതൽ ദേവികുളത്ത് നിർത്തില്ല. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 14 പേരെയാണ് മാറ്റിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി ആർ.ബി.രാകേന്ദു അധ്യക്ഷയായി. നേതാക്കളായ മണവാരി രതീഷ്, കിള്ളി അനീഷ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു.

Content Highlights: Yuvamorcha March, Devikulam Sub Collector Renuraj, S Rajendran MLA