കിളിമാനൂർ : വീട്ടിൽനിന്നു പുറത്തേക്കിറങ്ങുന്നതിനിടെ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. നഗരൂർ കൊടുവഴന്നൂർ ഗണപതിയാംകോണം ഹാഷിം മൻസിലിൽ ഹാഷിമിന്റെയും ജാഫിറാ ബീവിയുടെയും മകൻ ഷെഫീഖ്(26) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി വീട്ടിൽനിന്നും പുറത്തിറങ്ങുന്നതിനിടെ വീട്ടുമുറ്റത്തെ പടിയിൽ വച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. പുറത്തുപോയി മടങ്ങിവന്ന ഷെഫീഖ് വീട്ടുമുറ്റത്തുനിന്ന്‌ ചെരിപ്പ് മാറ്റിയിട്ട് അകത്തുകയറുന്നതിനിടെ ഒരു ശബ്ദം കേട്ടു.

കേട്ടതെന്തെന്നറിയാൻ വീടിനുള്ളിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ പടവിൽ കിടന്ന അണലിയെ ചവിട്ടുകയും തത്‌ക്ഷണം കടിയേൽക്കുകയുമായിരുന്നു. പ്രഥമശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ 1.15ഓടെ മരിച്ചു. സ്വകാര്യ പാൽ കമ്പനിയിൽ ഡ്രൈവറാണ് മരിച്ച ഷെഫീഖ്.

നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച വൈകീട്ട് മൃതദേഹം നഗരൂർ മുസ്‌ലിം ജമാ അത്ത് പള്ളിയിൽ സംസ്കരിച്ചു. സഹോദരൻ: ഫൈസൽ.