ആറ്റിങ്ങൽ: തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് ആഹ്വാനംചെയ്ത ഹർത്താലിനോടനുബന്ധിച്ച് ആറ്റിങ്ങലിൽ സംഘർഷം. ദേശീയപാത ഉപരോധിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. വഴിതടയലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. കസ്റ്റഡിയിലെടുത്ത മുഴുവനാളുകളെയും വിട്ടയച്ചശേഷമാണ് സംഘർഷത്തിന് അയവുവന്നത്.

തിങ്കളാഴ്ച രാവിലെ ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി.യും സ്വകാര്യബസുകളും സർവീസ് നടത്തിയിരുന്നു. എട്ടുമണിയോടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുനിസിപ്പൽ ബസ് സ്റ്റാൻഡിലെത്തി സ്വകാര്യ ബസുകളുടെ സർവീസ് തടഞ്ഞു. സ്ഥലത്തെത്തിയ പോലീസ് ആറുപേരെ കസ്റ്റഡിയിലെടുത്തു. സംഭവമറിഞ്ഞ് നേതാക്കൾ സ്റ്റേഷനിലെത്തിയെങ്കിലും മുൻകരുതൽ അറസ്റ്റാണെന്നും വൈകീട്ട് 6 മണികഴിയാതെ വിടാനാവില്ലെന്നും പോലീസ് അറിയിച്ചു. തുടർന്ന് നേതാക്കൾമടങ്ങി.

ദേശീയപാതയിൽ കോരാണി ടോൾമുക്കിനു സമീപം 10.30-ഓടെ ചിറയിൻകീഴ്, അഴൂർ മേഖലയിലെ പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധിച്ചു. ഗതാഗതം പൂർണമായി തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. വാഹനങ്ങൾ തടയരുതെന്നും വഴിയൊഴിഞ്ഞിരിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ പിന്മാറാൻ കൂട്ടാക്കിയില്ല.

ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒ.എ.സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിവീശി. അതോടെ പ്രവർത്തകർ ചിതറിയോടി. ഇവിടെനിന്നു പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രവർത്തകർ കസ്റ്റഡിയിലായതറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് പോലീസ് സ്റ്റേഷനുമുന്നിൽ ഉപരോധം നടത്തി. കെ.പി.സി.സി. അംഗം എം.എ.ലത്തീഫ്, ഡി.സി.സി. സെക്രട്ടറി എസ്.കൃഷ്ണകുമാർ, ഇളമ്പ ഉണ്ണികൃഷ്ണൻ, അജയരാജ്, മൻസി, എ.ആർ.നിസാർ, സഞ്ജു, സജിൻ എന്നിവർ നേതൃത്വം നല്കി. പോലീസും നേതാക്കളും തമ്മിൽ നടത്തിയ ചർച്ചകളെത്തുടർന്ന് കസ്റ്റഡിയിലെടുത്ത മുഴുവൻ പ്രവർത്തകരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി.

ആറ്റിങ്ങലിൽ തിങ്കളാഴ്ച തുറന്നു പ്രവർത്തിച്ച കടകൾ ഹർത്താലനുകൂലികളെത്തി നിർബന്ധിച്ച് അടപ്പിച്ചു. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും തടസ്സപ്പെടുത്താൻ ശ്രമം നടന്നു.

കഴിഞ്ഞ ഹർത്താലുകളിൽ പ്രതിരോധം തീർത്തുനിന്ന ആലംകോട് ജങ്ഷനിൽ ഏതാനും കടകൾ തിങ്കളാഴ്ച തുറന്നു. സ്വകാര്യവാഹനങ്ങൾ തടസ്സമില്ലാതെ ഓടി. കെ.എസ്.ആർ.ടി.സി. രാവിലെ 40 ഷെഡ്യൂൾ നടത്തി. പിന്നീട് വാഹനങ്ങൾ വഴിയിൽ തടഞ്ഞതിനെത്തുടർന്ന് ഇടയ്ക്ക് കുറച്ചുനേരം സർവീസുകൾ നിർത്തിവെച്ചു.