കല്ലമ്പലം : കുളിക്കാൻ ബന്ധുവീട്ടിലെത്തിയ യുവതിക്കു നേരേ പീഡനശ്രമം. വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കി എത്തിയവർ കൈയും കാലും കെട്ടിയിട്ടാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

ഒച്ചവയ്ക്കാതിരിക്കാൻ വായിൽ തുണി തിരുകിയ ശേഷമായിരുന്നു അക്രമം. അക്രമത്തിനിടെ ഭിത്തിയിൽ തലയിടിച്ച് യുവതിക്കു ബോധം നഷ്ടമായതോടെ അക്രമികൾ സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിലുൾപ്പെട്ടതെന്നു സംശയിക്കുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.

ശനിയാഴ്ച രാവിലെ 10 മണിയോടെ ചെമ്മരുതി മുത്താന ജങ്ഷനു സമീപമാണ് 22-കാരിക്കു നേരേ അതിക്രമമുണ്ടായത്. കുളിക്കാനും തുണി അലക്കാനുമായി സമീപത്തെ ബന്ധുവീട്ടിൽ യുവതി ദിവസവും പോകാറുണ്ട്. ഇവിടുള്ളവർ ജോലിക്കു പോയതിനാൽ ശനിയാഴ്ച രാവിലെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുളിപ്പുരയ്ക്കു സമീപം നിന്ന് തുണി അലക്കുകയായിരുന്നു യുവതി.

ഈ സമയം വീടു തിരക്കി അപരിചിതനായ ഒരാൾ എത്തി മടങ്ങി. കുറച്ചു സമയത്തിനു ശേഷം ചിലർ വീട്ടിലേക്ക് അതിക്രമിച്ചെത്തിയാണ് യുവതിയെ ആക്രമിച്ചത്.

ആക്രമണത്തിനിടെ ഭിത്തിയിൽ തലയിടിച്ച് യുവതിയുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ അക്രമിസംഘം സ്ഥലത്തുനിന്നു രക്ഷപ്പെട്ടതായി സംശയിക്കുന്നു. സമയം കഴിഞ്ഞിട്ടും യുവതി മടങ്ങിയെത്താത്തിനെത്തുടർന്ന് അമ്മ ഈ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരമറിയുന്നത്.

തുടർന്ന് ബന്ധുക്കളെയും കല്ലമ്പലം പോലീസിനെയും സംഭവം അറിയിച്ചു. യുവതിയുടെ തലയ്ക്കു പരിക്കേറ്റിട്ടുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സനൽകിയ ശേഷം വിദഗ്ദ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി.

െഫാറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. പ്രദേശവാസികളായ ചിലരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു.

സംശയമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി വർക്കല ഡിവൈ.എസ്.പി. നിയാസ് അറിയിച്ചു.