കടയ്ക്കാവൂർ: കടയ്ക്കാവൂർ ഗ്രാമപ്പഞ്ചായത്തിലെ പതിനഞ്ചാംവാർഡായ തൊപ്പിച്ചന്തയിലെ പൊതുചന്തയിൽ മൂന്നുവർഷം മുമ്പ് നിർമിച്ച ശൗചാലയം പൂട്ടിയിട്ട് മറ്റൊരു ശൗചാലയം പണിയുന്നു. ജലസൗകര്യം ഇല്ലാത്തതിനാലാണ് ഇപ്പോഴത്തെ ശൗചാലയം തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതർ പറയുന്നത്.

ഇതുവരെ ജല അതോറിറ്റിയുടെ കണക്ഷൻ എടുക്കുകയോ ചന്തയിലെ പൊതുകിണറിൽ മോട്ടോർ സ്ഥാപിച്ച് വെള്ളത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല. ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായാണ് പുതിയ ശൗചാലയം കെട്ടുന്നത്.

തൊപ്പിച്ചന്ത പൊതുചന്തയിൽ മലിനജലം കെട്ടിക്കിടക്കുന്നുമുണ്ട്. മാലിന്യ നിർമാർജനത്തിനു യാതൊരു സംവിധാനവും ഒരുക്കിയിട്ടുമില്ല. അറവുമാലിന്യങ്ങളും പച്ചക്കറി, മത്സ്യ മാലിന്യങ്ങളും ഇക്കൂട്ടത്തിലുള്ളതു കാരണം തെരുവുനായ്ക്കളുടെ ശല്യവും വർധിക്കുന്നു.

സമീപവാസികൾക്ക് ഇവിടുത്തെ ദുർഗന്ധം വളരെയധികം ബുദ്ധിമുട്ടാണ് വരുത്തുന്നത്. ചന്തയുടെ ശോച്യാവസ്ഥയ്ക്കു ഉടൻ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Content Highlights: Thoppichantha, Constructing new toilets, Toilet construction controversy