പൂവാർ: വേനൽ അടുത്തിട്ടും വെള്ളംതുറന്ന് വിടാത്തതിനാൽ നെയ്യാർ കനാലുകൾ ഉപയോഗശൂന്യമായി കിടക്കുന്നു. തീരദേശപഞ്ചായത്തുകളിൽ കനാലുകളെ ആശ്രയിച്ച് ക്യഷിചെയ്തിരുന്നവർ വെള്ളമില്ലാതെ ദുരിതത്തിലാണ്.

പൂവാർ, കാഞ്ഞിരംകുളം, കരുംകുളം പഞ്ചായത്തുകളിലെ കനാലുകളാണ് ഉപയോഗ ശൂന്യമായി കിടക്കുന്നത്. പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് വർഷംതോറും കനാൽ വൃത്തിയാക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്തിയിട്ട് വർഷങ്ങളായി. അതിനാൽ കനാലിൽ വെള്ളം തുറക്കുമ്പോൾ കരയിടിഞ്ഞ് വീടുകളിലേക്ക് വെള്ളമൊഴുകുന്ന സ്ഥിതിയുമുണ്ട്. കനാൽവെള്ളം വഴിതിരിച്ച് വിടുന്ന കലുങ്കുകളിലെ ഷട്ടറുകളും തുറക്കാനോ അടയ്ക്കാനോ കഴിയാത്ത നിലയിലാണ്.

പ്രശ്നങ്ങളുണ്ടെങ്കിലും ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ കനാലുകളിലേക്ക് വെള്ളം തുറന്ന് വിടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ വേനൽക്കാലത്ത് പൂവാർ, കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്ത് പ്രദേശത്തേക്ക് ഒരുദിവസമാണ് വെള്ളം തുറന്നുവിട്ടത്. വെള്ളം കനാലിന്റെ മുഴുവൻ പ്രദേശങ്ങളിലും എത്തുന്നതിന് മുൻപ് തന്നെ അടച്ചു. അതിനാൽ നിരവധി കൃഷിക്കാർക്ക് വെള്ളം തുറന്നുവിട്ടതിന്റെ പ്രയോജനം ഉണ്ടായിട്ടില്ല. കാഞ്ഞിരംകുളം പഞ്ചായത്ത് പ്രദേശത്തിന്റെ പല ഭാഗത്തും കനാൽവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. ഇവിടുത്തെ കനാലുകൾ മുഴുവൻ കാടുപിടിച്ച് കിടക്കുകയാണ്. ഇവിടേയ്ക്ക് മാലിന്യം വലിച്ചെറിയുന്നുമുണ്ട്. കരുംകുളം പഞ്ചായത്ത് പ്രദേശത്തും ഇതുതന്നെയാണ് സ്ഥിതി. ഇവിടെത്തെ കനാൽമുഴുവൻ ഉപയോഗശൂന്യമായ നിലയിലാണ്.

തീരദേശത്തുള്ളത് ഇടതുകര കനാൽ

നെയ്യാറിന്റെ ഇടതുകര കനാലാണ് തീരദേശത്തുകൂടെ കടന്നുപോകുന്നത്. വേനൽക്കാലത്ത് കനാലിൽ വെള്ളം ഒഴുകുമ്പോൾ പ്രദേശത്തെ കിണറുകളിലും ജലം നിറയും ഇത് വിവിധ പ്രദേശങ്ങളിലെ ജലക്ഷാമത്തിനും പരിഹാരമായിരുന്നു. കനാലിന്റെ ഓരോ ഭാഗങ്ങളിലായി വെള്ളം ഒഴുക്കി വിടുന്നുണ്ടെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്.