water project in meethവെള്ളറട: കുന്നിൻ പ്രദേശകളിലെ വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ഏറെ പ്രതീക്ഷയോടെ ആരംഭിച്ച കുടിവെള്ള പദ്ധതി നിലച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. പദ്ധതി പുനരാരംഭിക്കാനായി അനവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. വെള്ളറട ഗ്രാമപ്പഞ്ചായത്തിൽ മീതി വാർഡിലെ നിരവധിപേരുടെ ആശ്രയമായ മീതി കുടിവെള്ള പദ്ധതിയാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്.

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലയിലെ പദ്ധതിയുടെ പ്രവർത്തനം നിലച്ചത് പ്രദേശവാസികളെ ദുരിതകയത്തിലാക്കിയിരിക്കുകയാണ്. ജലനിധി പദ്ധതി പ്രകാരം 2003-ലാണ് പദ്ധതി തുടങ്ങിയത്. കോവില്ലൂരിന് സമീപം മീതിയിലേയും ഓരുകുഴിയിലേയും താമസക്കാർക്ക് കുടിവെള്ളം എത്തിക്കുകയായിരുന്നു ഈ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിലേക്കായി മീതി-ഓരുകുഴി റോഡുവക്കിൽ ഒരു കൂറ്റൻ സംഭരണി സ്ഥാപിച്ചു. കുറച്ചകലെയായി കിണറും കുഴിച്ചു. വിതരണത്തിനായി ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ച് പ്രവർത്തനം തുടങ്ങി. ഇതിന്റെ പ്രവർത്തനച്ചുമതല ഗുണഭോക്തൃസമിതിയേയും ഏൽപ്പിച്ചു.

വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ജീർണിച്ച വിതരണ കുഴലുകൾ റോഡുപണിയുടെ ഭാഗമായി പൊട്ടിയതും, മോട്ടോർ ഇടയ്ക്കിടെ കേടായതും പദ്ധതിയുടെ പ്രവർത്തനത്തെ തകിടം മറിച്ചു. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും മോേട്ടാർ മാറ്റിസ്ഥാപിക്കാനുള്ള നടപടികളും ഉണ്ടായില്ല. തുടർന്ന് അറ്റകുറ്റപ്പണികൾക്ക് തുക കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രവർത്തനം ക്രമേണ നിലച്ചു. ഇതോടെ മീതിയിലേയും ഓരുകുഴിയിലേയും കുടുംബങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായി മാറി.

കുന്നിൻ പ്രദേശമായ മീതിയിൽ മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം ഉണ്ടാകാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. മൂടിയില്ലാതെ കിടക്കുന്ന സംഭരണിയിൽ മഴവെള്ളം തങ്ങിനിന്ന് കൊതുകിന്റെ ശല്യവും പെരുകുന്നുണ്ട്. കാളിപ്പാറ കുടിവെള്ള പദ്ധതിയുടെ വിതരണക്കുഴലുകൾ മീതിക്ക് സമീപത്തൂടെ കടന്നുപോകുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രമേ വെള്ളം കിട്ടാറുള്ളൂവെന്ന് നാട്ടുകാർ പറയുന്നു. ഇതോടെ ജലനിധി മുഖാന്തരം ലക്ഷങ്ങൾ വിനിയോഗിച്ച് വെള്ളറട ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങിയിട്ടുള്ള കുടിവെള്ള പദ്ധതികളിൽ മിക്കതും നിലച്ചമട്ടിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പുതിയ കുടിവെള്ള പദ്ധതിക്ക് അനുമതിയായി

നിരവധിതവണ പഞ്ചായത്ത് കമ്മിറ്റി യോഗങ്ങളിൽ മീതിയിലെ കുടിവെള്ള പ്രശ്നം ഉന്നയിച്ചതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായുള്ള എസ്റ്റിമേറ്റ് എടുത്തെങ്കിലും അവയൊന്നും പ്രാവർത്തികമായില്ല. പഞ്ചായത്തിൽ ജലനിധിയുടെ നാലുലക്ഷത്തോളം രൂപയുടെ ഫണ്ട് ഉണ്ടെങ്കിലും ലഭിക്കുന്നില്ല. തുടർന്ന് എം.പി.ക്ക്‌ നൽകിയ നിവേദനത്തെത്തുടർന്ന് വയലിങ്ങൽ-ഓരുകുഴി പ്രദേശത്ത് പുതിയ കുടിവെള്ള പദ്ധതി ആരംഭിക്കാൻ ഏഴരലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ പദ്ധതിയിൽനിന്ന് പ്രത്യേകം വിതരണക്കുഴലുകൾ സ്ഥാപിച്ച് മീതിയിൽ കുടിവെള്ളം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

-എം.രാജ്‌മോഹൻ, വെള്ളറട ഗ്രാമപ്പഞ്ചായത്തംഗം.

Content Highlight: water project in Vellarata