നെടുമങ്ങാട് : മൂക്ക് പൊത്താതെ നെടുമങ്ങാട് ചന്തയിൽ കയറാനാകില്ല. കച്ചവടക്കാരാകട്ടെ രോഗ ഭീതിയിലും. ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ച ആധുനിക മത്സ്യച്ചന്ത നോക്കുകുത്തിയായി നിൽക്കുമ്പോഴാണ് പഴയതുപോലെ പാതയോരത്തു തന്നെ ചന്ത പ്രവർത്തിക്കുന്നത്.

മുട്ടോളം മാലിന്യത്തിൽ നിന്നുകൊണ്ടാണ് മത്സ്യക്കച്ചവടം. മാലിന്യം നീക്കംചെയ്യാൻ നടപടികളൊന്നുമില്ല. ആധുനിക മത്സ്യമാർക്കറ്റ് നിർമ്മാണത്തിലെ അപാകം കാരണം പൂട്ടിയിട്ടിരിക്കുകയാണ്.

ഒരുവർഷം മുൻപാണ് പുതിയ കെട്ടിടം തുറന്നു കൊടുത്തത്. ഇവിടെ പാകിയ ടൈൽസുകളിൽ ചവിട്ടി കച്ചവടക്കാരും, ചന്തയിലെത്തുന്നവരും വീണ് അപകടം പതിവായതോടെയാണ് പുതിയ കെട്ടിടം പൂട്ടിയത്. കെട്ടിടത്തിന്റെ നിർമ്മാണ സമയത്തു തന്നെ തറയിൽ ടൈൽസ് പാകുന്നതിലെ അപാകം കച്ചവടക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.

ആധുനിക മത്സ്യച്ചന്തയിൽ നിർമ്മിച്ച ശീതീകരണ യൂണിറ്റ് ഇതുവരെ തുറന്നു പ്രവർത്തിപ്പിക്കാനായില്ല. ലക്ഷങ്ങൾ ചെലവിട്ടാണ് ശീതീകരണ യൂണിറ്റ് സ്ഥാപിച്ചത്.

ഇറച്ചിക്കച്ചവടം നടക്കുന്ന ഭാഗത്തും മാലിന്യം കുന്നുകൂടിയിരിക്കുകയാണ്. മാലിന്യം മാറ്റാൻ കരാറെടുത്തിരുന്നവർ ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.

മാലിന്യങ്ങൾ സമീപത്തെ വീടുകളിലെ കിണറുകളിൽ കൊണ്ടിടുന്ന ജീവികളും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.

Content Highlight: waste in  Nedumangaadu market