വർക്കല: ജനാർദനസ്വാമി ക്ഷേത്രത്തിലെ ചക്രതീർഥക്കുളത്തിൽ മാലിന്യവും പായലും നിറഞ്ഞു. ദുർഗന്ധവുമുണ്ട്. കുളത്തിന്റെ ഉപരിതലത്തിൽ കുപ്പികളുൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊങ്ങിക്കിടക്കുകയാണ്.

കുളത്തിന്റെ മുക്കാൽ ഭാഗത്തോളം വള്ളിപ്പായൽ നിറഞ്ഞിട്ടുണ്ട്. അടുത്തിടെയായി കുളത്തിലെ വലിയ മീനുകൾ ചത്തുപൊങ്ങുകയാണ്. പായൽ അഴുകിയും മീനുകൾ ചത്തഴുകിയുമാണ് ദുർഗന്ധം വമിക്കുന്നത്.

വേനൽക്കാലത്ത് പ്രദേശവാസികൾക്ക് ആശ്വാസമായിരുന്ന കുളമാണ് നാശാവസ്ഥ നേരിടുന്നത്.

നവീകരണം ആരംഭിച്ച് വർഷങ്ങളായിട്ടും പൂർത്തിയാകാത്ത ചക്രതീർഥക്കുളത്തിൽ വള്ളിപ്പായൽ വ്യാപിച്ചതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് പ്രധാന കാരണമായി പറയുന്നത്. കുളത്തിലെ പായൽ നീക്കിയിട്ട് ഒരു വർഷത്തിലേറെയായി.

കുളിക്കാനെത്തുന്നവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, സോപ്പ് കവർ, എണ്ണക്കുപ്പി തുടങ്ങിയവയെല്ലാം പായലിൽ കുരുങ്ങി കുളത്തിൽ അടിഞ്ഞുകിടക്കുകയാണ്.

കുളത്തിന്റെ പാർശ്വഭിത്തി നിർമിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പലഭാഗത്തും കൽപ്പടവിന് മുകളിലായി മണ്ണും മാലിന്യങ്ങളും കിടക്കുന്നു.

കുളത്തിലെ വെള്ളം ഒഴുക്കിവിടാനുള്ള സംവിധാനം കുറച്ചുനാളായി തകരാറിലാണ്.

വെള്ളം ഒഴുകിപ്പോകാത്തതിനാൽ കുളത്തിലെ മലിനജലത്തിലാണ് ആളുകൾ കുളിക്കുന്നത്.

അടിയന്തരമായി കുളത്തിലെ പായലും മാലിന്യങ്ങളും നീക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഭക്തരുടെയും പ്രദേശവാസികളുടെയും ആവശ്യം.