കോവളം: ബൈപ്പാസ് റോഡിന്റെ നിർമാണത്തിന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തിന് പരിഹാരമാകുന്നു. ജിയോളജി വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുവാൻ മന്ത്രി ജി.സുധാകരൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. റോയൽറ്റിത്തുകയും ജിയോളജി വകുപ്പ് ചുമത്തിയ പിഴയും ദേശീയപാത അതോറിറ്റി നൽകും.

വിഴിഞ്ഞം-മുക്കോല-കാരോട് ബൈപ്പാസിലെ കോൺക്രീറ്റ് റോഡിന്റെ നിർമാണം ഒരാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുവാനും തീരുമാനമായി.

റോഡ് നിർമാണത്തിനായി ശേഖരിക്കുന്ന മണ്ണിന് ദേശീയപാത അധികൃതർ ടണ്ണൊന്നിന് 20 രൂപ വീതം നൽകണം. 50,000 ടണ്ണിന് 10 ലക്ഷം രൂപയാണ് ദേശീയപാത അതോറിറ്റി ജിയോളജി വകുപ്പിന് നൽകേണ്ടത്.

മേയ് ആദ്യവാരംതന്നെ റോഡ് തുറന്നുകൊടുക്കുമെന്ന് ദേശീയപാത അധികൃതർ പറഞ്ഞു. മണ്ണെടുക്കുന്ന സ്ഥലങ്ങളുടെ പാരിസ്ഥിതികാനുമതി പത്രം ദേശീയപാത അതോറിറ്റി സമയബന്ധിതമായി ഹാജരാക്കണമെന്ന് ജിയോളജി അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഇത് സമർപ്പിക്കുന്നതിനനുസരിച്ചാകും ഓരോയിടങ്ങളിൽനിന്ന് മണ്ണെടുക്കാനുള്ള അനുമതി നൽകുക.

പയറുംമൂട് ജങ്ഷൻ മുതൽ കാരോട് വരെയുള്ള 16 കിലോമീറ്റർ ദൂരത്തിലാണ് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. എട്ട് കിലോമീറ്ററാണ് ഇതുവരെ പൂർത്തിയായത്. കോട്ടുകാൽ, ആനാവൂർ, ഇരുമ്പിൽ, ചെങ്കൽ, പരശുവയ്ക്കൽ എന്നിവിടങ്ങളിൽനിന്നാണ് ഇതിനാവശ്യമായ മണ്ണെടുക്കുന്നത്.

കോട്ടുകാൽ വില്ലേജിലെ ചില പ്രദേശങ്ങളിൽനിന്ന് മണ്ണെടുത്തപ്പോൾ ഉണ്ടായ പിഴവുകൾ ചൂണ്ടിക്കാട്ടി ജിയോളജി അധികൃതർ പിഴ ചുമത്തിയിരുന്നു. ഇതും ഒടുക്കണമെന്ന് ജിയോളജി അധികൃതർ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോയൽറ്റിയും പിഴത്തുകയും നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ദേശീയപാത അധികൃതർ അറിയിച്ചു.

plusbox

തീരുമാനം ഉന്നതതല യോഗത്തിൽ

50,000 ടണ്ണോളം മണ്ണാണ് ഇനി ആവശ്യമുള്ളത്. സമയബന്ധിതമായി പരിശോധനകൾ നടത്താത്തതിനെത്തുടർന്ന് മണ്ണെടുപ്പ് വൈകുകയും ചെയ്തു.

ഇക്കാര്യം ചൂണ്ടിക്കാട്ടി മാതൃഭൂമി നൽകിയ വാർത്തയെ തുടർന്നാണ് മന്ത്രി ജി.സുധാകരൻ കഴിഞ്ഞയാഴ്ച ജിയോളജി, റവന്യൂ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരടങ്ങുന്ന ഉന്നതതല യോഗം വിളിച്ചത്. തുടർന്നാണ് നടപടി വേഗത്തിലായത്.