വിതുര: വിതുര വില്ലേജ് ഓഫീസ് കെട്ടിടം ശോചനീയാവസ്ഥയിൽ. സ്ഥലസൗകര്യത്തിന്റെ അപര്യാപ്തതയ്്െക്കാപ്പം കെട്ടിടത്തിന്റെ ശോച്യാവസ്ഥയും ഇടപാടുകാരെ മാത്രമല്ല ജീവനക്കാരെയും ദുരിതത്തിലാക്കുന്നു. ബോണക്കാട് റോഡിൽ തേവിയോടു സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് 18-വർഷത്തെ പഴക്കമേ ഉള്ളൂവെങ്കിലും നിർമാണത്തിലെ അപാകമാണ് ഈ അവസ്ഥയ്ക്കു കാരണമായി നാട്ടുകാർ പറയുന്നത്.
2001-ൽ റവന്യൂ വകുപ്പു മന്ത്രി കെ.എം.മാണിയാണ് ഇപ്പോഴുള്ള ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തേവിയോടു പ്രദേശത്തെ പൗരസമിതി പ്രവർത്തകർ സംഭാവനയായി വാങ്ങി നൽകിയ രണ്ടര സെന്റിലാണ് കെട്ടിടം നിർമിച്ചത്. അശാസ്ത്രീയമായാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. ഇതു ഗൗനിക്കാതെ ഉദ്ഘാടനം നടന്നു. പ്രവർത്തനം തുടങ്ങി അധിക നാളാകുന്നതിനു മുമ്പു തന്നെ മേൽക്കൂരയുടെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകിമാറി. മഴക്കാലത്ത് ചോർച്ചയായതോടെ പ്രശ്നം രൂക്ഷമായി. പ്രധാന രേഖകൾ ഉൾപ്പെടുന്ന ഫയലുകൾ നനയാൻ തുടങ്ങിയതോടെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടി.
വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന ഇടപാടുകാരുടെ അവസ്ഥയും മറ്റൊന്നല്ല. സ്ഥല സൗകര്യത്തിന്റെ കുറവാണ് മറ്റൊരു പ്രശ്നം. ഇടുങ്ങിയ മുറികളിലാണ് ഓഫീസ് പ്രവർത്തനം. ദിവസവും നൂറുക്കണക്കിനു പേർ കയറിയിറങ്ങുന്ന ഇവിടെ വരുന്നവർക്ക് നിൽക്കാനുള്ള സ്ഥലം പോലുമില്ല. ആകെയുള്ള ചെറിയ വരാന്തയുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഏതുസമയവും ഇളകി വീഴാവുന്ന നിലയിലും. അറ്റകുറ്റപ്പണികൾ ചെയ്യാത്തത് പ്രശ്നം രൂക്ഷമാക്കുന്നു. പുതിയ കെട്ടിടം നിർമിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നുള്ള നിരന്തര ആവശ്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണു നാട്ടുകാർ പറയുന്നത്.
റിപ്പോർട്ട് ഗവൺമെന്റിനു സമർപ്പിച്ചു
ഓഫീസ് കെട്ടിടത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി വിശദമായ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ചു. ഒരു മാസം മുമ്പ് നിർമ്മിതികേന്ദ്രം പ്രവർത്തകർ ഓഫീസിലെത്തി സാഹചര്യങ്ങൾ പരിശോധിച്ചു. വൈകാതെ പുതിയ കെട്ടിടമുൾപ്പടെയുള്ള ഭൗതിക സാഹചര്യങ്ങൾ തയ്യാറാകുമെന്നാണ് പ്രതീക്ഷ.
- ടി.വിപിൻ, വിതുര വില്ലേജ് ഓഫീസർ
Content Highlights: Vithura Village Office, Village Office building is in critical condition