വിതുര: പൊട്ടൻചിറയിലെ ആദിവാസിഭൂസമരത്തിനു 16 വർഷം പിന്നിട്ടിട്ടും പരിഹാരമായില്ല. ചെറ്റച്ചൽ ജഴ്‌സി ഫാമിന്റെ സ്ഥലത്ത് കുടിലുകെട്ടി താമസിക്കുകയാണ് സമരക്കാർ. മാറി വന്ന സർക്കാരുകളുടെ ഭാഗത്തുനിന്ന് അവഗണന മാത്രമാണുണ്ടായിട്ടുള്ളതെന്ന് ആദിവാസികൾ പറയുന്നു.

2002 ലാണ് സമരം തുടങ്ങിയത്. വയനാട്ടിലെ മുത്തങ്ങയിലുണ്ടായ സമരത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പൊട്ടൻചിറയിലെ സമരം തുടങ്ങുന്നത്. ആദിവാസി ക്ഷേമസമിതി നേതൃത്വം കൊടുത്ത സമരത്തിന് സി.പി.എമ്മിന്റെ പിന്തുണയുമുണ്ടായിരുന്നു.

ചെറ്റച്ചൽ ജഴ്സി ഫാമിന്റെ ഭാഗമായി തരിശു കിടന്ന സ്ഥലം കൈയേറാനായിരുന്നു തീരുമാനം. ചെറ്റച്ചൽ ജങ്ഷനിൽനിന്ന് പ്രകടനമായി ആദിവാസികളെ സമരഭൂമിയിലെത്തിച്ചായിരുന്നു തുടക്കം. തുടർന്ന് കുടിൽ കെട്ടി താമസമായി.

സമരക്കാരെ നേരിടാൻ വൻപോലീസ് സന്നാഹം ഒരുക്കിയിരുന്നു. എന്നാൽ ഉന്നതതല നിർദ്ദേശം ലഭിച്ചതോടെ അവർ മടങ്ങി. ആദ്യഘട്ടത്തിൽ അമ്പതിലധികം കുടിലുകളാണ് കെട്ടിയത്. പ്രത്യേക സമരപ്പന്തലുമൊരുങ്ങി. നിരാഹാരമുൾപ്പെടെയുള്ള മാർഗങ്ങളിലൂടെ സമരം ഈ ഘട്ടത്തിൽ ശക്തവുമായിരുന്നു.

എ.കെ.ആന്റണിയുടേയും തുടർന്ന് ഉമ്മൻ ചാണ്ടിയുടെയും ഭരണകാലത്ത് ശക്തമായിരുന്ന സമരം തുടർന്നുവന്ന എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ശക്തികുറഞ്ഞു. ക്രമേണ കുടിലുകളുടെ എണ്ണവും കുറഞ്ഞു. ഇന്ന് മുപ്പതു കുടുംബങ്ങളാണ് കുടിലുകളിലുള്ളത്.

മറ്റെങ്ങും പോകാനില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്ന് മക്കളെ ചേർത്തുനിർത്തി പറയുമ്പോൾ ഇവിടത്തെ താമസക്കാരായ കൃഷ്ണൻകുട്ടിയുടെയും ഭാര്യ സീനയുടെയും കണ്ണുകൾ നിറഞ്ഞു. സ്ഥിരതാമസ രേഖകളില്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ഇവർക്കു ലഭിക്കുന്നില്ല.

നവീനപദ്ധതികളിലൂടെ വികസിക്കുന്ന ജഴ്സിഫാമിന് ഏറെ ആവശ്യമായ സ്ഥലത്താണ് ഭൂസമരം. 25 ഏക്കറോളം വരുന്ന ഈ സ്ഥലത്ത് ജലം സുലഭവുമാണ്. സ്ഥലം തിരിച്ചെടുക്കണമെന്നാണ് നാട്ടുകാരിൽ ഒരുവിഭാഗം പറയുന്നത്.

Content Highlights: Vithura Tribal Land Strike