വിതുര: ആദിവാസി ഊരിലെ സ്കൂൾ പരിസരത്ത് നിൽക്കുന്ന മരങ്ങൾ അപകടഭീഷണിയാകുന്നതായി പരാതി. പഞ്ചായത്തിലെ മണലി തലത്തൂതക്കാവ് എൽ.പി.എസിനടുത്തുള്ള മരങ്ങളാണ് ഏതുനിമിഷവും വീഴാവുന്ന നിലയിൽ നിൽക്കുന്നത്.
കഴിഞ്ഞ ദിവസത്തെ മഴയിലും കാറ്റിലും മരക്കൊമ്പ് ഒടിഞ്ഞു വീണെങ്കിലും അപകടം ഒഴിവായിരുന്നു. വനമേഖലയോടുചേർന്ന സ്കൂളായതിനാൽ ചുറ്റും മരങ്ങളാണ്. ഇവയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരും രക്ഷാകർത്താക്കളും പറയുന്നത്.
രണ്ടുമാസങ്ങൾക്കുമുമ്പു നടന്ന പട്ടികവർഗകമ്മിഷൻ നടത്തിയ അദാലത്തിൽ കല്ലൻകുടി മനോഹരൻകാണി എന്നയാൾ ഇത് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ച് സ്കൂൾ പരിസരത്തുള്ള ആഞ്ഞിലി, പ്ലാവ്, മരുത് എന്നിവ മുറിച്ചു മാറ്റാൻ കമ്മിഷൻ ഉത്തരവിട്ടു. എന്നാൽ ഇതുവരെയും നടപടിയുണ്ടായില്ല.